അമ്പതിൽ അധികം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച മലയാളികളുടെ എവർ ഗ്രീൻ കപ്പിളാണ് മോഹൻ ലാലും ശോഭനയും. എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന സിനിമകൾ കാണാൻ ആരാധകർക്ക് അത്രയേറെ ഇഷ്ടമായിരുന്നു. മലയാളികൾ ആഗ്രഹിക്കുന്ന ആ ശോഭനയും മോഹൻലാലും ഒന്നിച്ച് നിൽക്കുന്നൊരു പഴയകാല പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് ശോഭന.
നടിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചെത്തിയ മായാമയൂരം എന്ന സിനിമയിലെ പോസ്റ്ററാണ് താരം പങ്കുവച്ചത്. ‘വാട്ട് എ ചാർമിംഗ് പോസ്റ്റർ’ എന്ന ക്യാപ്ഷനോടയൊണ് ശോഭന പോസ്റ്റിട്ടിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിൽ കമന്റുമായി എത്തിയിരിക്കുന്നത്.
ഈ പോസ്റ്റർ എന്തിഷ്ടമായിരുന്നെന്നോ അന്ന്, സിനിമാ ജീവിതത്തിൽ ശോഭന ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷങ്ങൾ, ഇഷ്ടപെട്ട ഒരു സിനിമ…നല്ല പാട്ടുകളുള്ള മനോഹര ചിത്രം…, പ്രണയത്തിന്റെ തീവ്രതയും പവിത്രതയും കാത്ത് സൂക്ഷിച്ച് മലയാളിക്ക് സമ്മാനിച്ച എക്കാലത്തേയും Super അഭിനേതാക്കൾ, വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത മധുര മനോഹര പ്രണയ ഗാഥ എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.
1993-ൽ സിബി മലയിൽ സംവിധാനത്തിൽ തിയേറ്ററിലെത്തിയ ചിത്രമാണ് മായാമയൂരം. എന്നാൽ, ചിത്രത്തിന് തിയേറ്ററുകളിൽ വേണ്ടത്ര വിജയം കൈവരിക്കാൻ സാധിച്ചില്ല. മോഹൻലാൽ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ ആദ്യ പകുതിയിൽ നായകൻ മരിക്കുന്നതാണ് ഇതിനുള്ള പ്രധാന കാരണമായി അന്ന് സിനിമാ പ്രേക്ഷകർ പറഞ്ഞത്. നരേന്ദ്രൻ, ഉണ്ണി എന്നീ ഇരട്ട കഥാപാത്രങ്ങളെയായിരുന്നു മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ശോഭനയെക്കൂടാതെ രേവതിയും നായികാ വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. ചിത്രം തിയേറ്ററുകളിൽ പരാജയമായിരുന്നെങ്കിലും പാട്ടുകൾക്കെല്ലാം ഇന്നും ജനപ്രീതി ഏറെയാണ്.















