തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഈ പി ജയരാജനുമെതിരെ സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ അതി രൂക്ഷ വിമർശനം. ഈ പി ജയരാജൻ വഞ്ചകനാണെന്നും സർക്കാരും മുന്നണിയും ഒരാളിലേക്കു ചുരുങ്ങിയതിന്റെ അപകടമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചതെന്നും കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.
“ഇ.പി. ജയരാജൻ ഇടതുമുന്നണി കൺവീനറായിരിക്കാൻ അർഹനല്ല. അദ്ദേഹത്തിന്റെ സമീപനം മുന്നണിയെ വഞ്ചിക്കുന്ന ഒന്നായി മാറി. ഇ.പി. ജയരാജനെ മുന്നണി കൺവീനർസ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ. ആവശ്യപ്പെടാതിരുന്നത് പാർട്ടി നേതൃത്വത്തിന്റെ പരാജയമാണ്
പാർട്ടിയുടെയും മുന്നണിയുടെയും സർക്കാരിന്റെയും രീതി തിരഞ്ഞെടുപ്പുപരാജയത്തിന് പ്രധാന കാരണമായിട്ടുണ്ട്. ഇതിൽ മാറ്റമുണ്ടാകണം. പാർട്ടിയും സർക്കാരും മുന്നണിയും മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന രാഷ്‌ട്രീയരീതി അപകടകരമാണെന്ന് തിരിച്ചറിയണം.” ചർച്ചയിൽ സി പി ഐ നേതാക്കൾ കുറ്റപ്പെടുത്തി.
“‘എല്ലാം ഞാനാണ്’ എന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറിയത് ജനങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റി. സർക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന ബോധ്യം ഇല്ലാതാക്കി. അദ്ദേഹത്തിന്റെ ശൈലിമാറ്റുക പ്രായോഗികമല്ല. പിണറായി വിജയൻ അങ്ങനെയാണ്. അതിൽ വേണ്ടത് സി.പി.എം.തന്നെ ചെയ്യട്ടെ”. ഒടുവിൽവിമർശകർ അഭയം കണ്ടെത്തിയത് ഈ നിഗമനത്തിലാണ്.
ആർ.ലതദേവി, മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവരാണ് ഇ.പിക്കെതിരെ കടുത്ത നിലപാടെടുത്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സ്വന്തം പാർട്ടിയുടെ മന്ത്രിമാരുടെ പ്രവർത്തന രീതിക്കെതിരെയും യോഗത്തിൽ നേതാക്കൾ ആഞ്ഞടിച്ചു.”സി.പി.ഐ. മന്ത്രിമാരുടെ പ്രവർത്തനവും മെച്ചപ്പെട്ടതല്ല. സി.പി.ഐ. മന്ത്രിമാർതന്നെ പാർട്ടി നിർവാഹകസമിതിയിലിരിക്കുന്നത് സംഘടനയെ ദുർബലമാക്കി. നേരത്തേ മന്ത്രിമാരെ സംസ്ഥാന നിർവാഹകസമിതിയിൽനിന്ന് മാറ്റുന്ന രീതി സ്വീകരിച്ചിരുന്നു. ഇത്തവണ അതിൽ മാറ്റംവരുത്തിയതിന്റെ കോട്ടം പാർട്ടിക്കുണ്ടായി. അതിനാൽ, മന്ത്രിമാരെ പാർട്ടി നിർവാഹകസമിതിയിൽനിന്ന് മാറ്റണം.”
നവകേരളസദസിലെ ധൂർത്തിനെതിരെയും സി പി ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു.
“നവകേരളസദസ്സുകൊണ്ട് ഒരു ഗുണവും ഉണ്ടായില്ലെന്നുമാത്രമല്ല, ജനങ്ങളെ എതിരാക്കുകയാണ് ചെയ്തത്. ഇടതുമുന്നണി ഒന്നിച്ച് ഒരു പ്രചാരണജാഥയാണ് നടത്തിയിരുന്നെങ്കിലും രാഷ്‌ട്രീയമായ നേട്ടമുണ്ടാകുമായിരുന്നു. ക്ഷേമപദ്ധതികളെല്ലാം മുടങ്ങിക്കിടക്കുമ്പോൾ സർക്കാരിന്റെ യാത്ര ധൂർത്താണെന്ന ബോധമാണ് ജനങ്ങളിലുണ്ടാക്കിയതെന്നും വിമർശനമുയർന്നു.”
തൃശ്ശൂർ മേയർക്കെതിരെ മനോഭാവത്തെക്കുറിച്ച് അതിരൂക്ഷമായാണ് സിപിഐ ക്കാർ പ്രതികരിച്ചത്. ഇത്തരമൊരു മേയറെ നിലനിർത്തി കോർപ്പറേഷൻ ഭരണം തുടരുന്നതിൽ അർഥമില്ല. മേയറെ മാറ്റണമെന്ന ആവശ്യം സി.പി.ഐ. സി.പി.എമ്മിനുമുമ്പിൽ വെക്കണമെന്ന് തൃശ്ശൂരിലെ നേതാക്കൾ ആവശ്യപ്പെട്ടു.ഇതിനായി മുന്നണിക്ക് കത്ത് നൽകണമെന്നും ആവശ്യമുയർന്നു. ബിജെപിക്കും സുരേഷ്ഗോപിക്കും അനുകൂലമായ നിലപാട് സ്വീകരിക്കുന്നു എന്നതാണ് തൃശൂർ മേയർ എം കെ വർഗീസിന്റെ കുറ്റം.















