ചേർത്തല: കയർ തൊഴിലാളി മേഖലയിൽ കാലിന്നടിയിലെ മണ്ണൊലിപ്പ് തടയാൻ സി.ഐ.ടി.യു.വിനെ മുന്നിൽ നിർത്തി രംഗത്തിറങ്ങാൻ സി പിഎം. കയർമേഖലയിലെ തൊഴിലാളിപ്രശ്നങ്ങളും പ്രതിസന്ധിയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കയർവർക്കേഴ്‌സ് സെന്റർ (സി.ഐ.ടി.യു.) സംസ്ഥാന സർക്കാരിനെതിരേ സമരം പ്രഖ്യാപിച്ചു. ഈ മാസം 12-ന് കയർമേഖലയിലെ ജില്ലകളിലുള്ള താലൂക്ക് ഓഫീസുകളിലേക്കു പ്രകടനവും ധർണയും ഉണ്ടാകും.
രൂക്ഷമായ സാമ്പത്തിക തകർച്ചയും തൊഴിൽ നഷ്ടവും നേരിടുന്ന കയർ മേഖലയിൽ വിവിധ തൊഴിലാളി സംഘടനകൾ ഏതാനും വർഷങ്ങളായി സർക്കാരിനും കയർവകുപ്പിനുമെതിരേ പ്രതിഷേധിക്കുന്നുണ്ട്. എന്നാൽ ഈ രംഗത്തെ ഏറ്റവും വലിയ യൂണിയനായ കേരള കയർവർക്കേഴ്‌സ് സെന്റർ – സി.ഐ.ടി.യു. യാതൊരു നിലപാടും എടുത്തിരുന്നില്ല. മാത്രമല്ല കയർ മേഖലയിലെ പ്രശ്നങ്ങൾക്ക് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി പ്രസ്‍താവനകളിറക്കുന്ന രീതിയാണ് സി ഐ ടി യു കൈക്കൊണ്ടിരുന്നത്.
കയർമേഖല സി ഐ ടി യു വിലൂടെ ഭരിക്കുന്നത് സി പി എമ്മാണ്. അവിടുത്തെ തൊഴിൽ ബന്ധങ്ങൾ പോലും നിശ്ചയിക്കുന്നത് അവരാണ്. എന്നാൽ എട്ടു വർഷത്തെ പിണറായി ഭരണം സിഐ ടി യു നേതാക്കളെ സമര രംഗത്തു നിന്നും മാറ്റി നിർത്തി. അങ്ങിനെ യൂണിയൻ അംഗങ്ങളുമായി അവർക്കുണ്ടായിരുന്നു ദൈനം ദിന ബന്ധം പോലും നഷ്ടമായി.
ലോക്സഭാ ഇലക്ഷനിൽ ആലപ്പുഴയിൽ എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ കയർ മേഖലയിൽ നടത്തിയ മുന്നേറ്റം അക്ഷരാർത്ഥത്തിൽ സി ഐ ടി യു വിനേയും സിപിഎമ്മിനേയും ഞെട്ടിച്ചു. ഇതോടെ വീണ്ടും കളം പിടിക്കാനുള്ള നീക്കമാണ് സി ഐ ടി യു വിന്റേത് എന്ന് കാണാം. കയർ കേന്ദ്രമായ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റിയിലടക്കം കയർവകുപ്പിനും മന്ത്രി പി. രാജീവിനും നേരേ രൂക്ഷവിമർശനമുണ്ടായി. ഇതിന്റെ തുടർച്ചയാണ് സി.ഐ.ടി.യു.വിന്റെ സമരപ്രഖ്യാപനം.
സംസ്ഥാനത്തെ കയർമേഖല തകർച്ചയിലാണ്. കയറിന്റെയും ഉത്പന്നങ്ങളുടെയും നിർമാണം നിലച്ചു. ഇവയുടെ ഉത്പാദക സംഘങ്ങളിൽ 80 ശതമാനവും വലിയ പ്രതിസന്ധിയിലാണ്. കോടിക്കണക്കിനു രൂപയാണ് സംഘങ്ങൾക്കു നൽകാനുള്ളത്. കയർപിരി, ഫാക്ടറി തൊഴിലാളികളുടെ കൂലി കൂട്ടുക, തൊഴിൽദിനം വർധിപ്പിക്കുക, കയർസംഘങ്ങൾക്ക് പ്രവർത്തന മൂലധനം നൽകുക, പൂട്ടിയ കയർസംഘം ജീവനക്കാർക്ക് ആനുകൂല്യം കൊടുക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
ആലപ്പുഴയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ വന്ന മാറ്റവും ഈ സമരപ്രഖ്യാപനത്തിനു പിന്നിലുണ്ടെന്ന് ഒരു വിഭാഗം കരുതുന്നു. മുൻപ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്ന സി.പി.എം. സംസ്ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബുവാണ് കയർവർക്കേഴ്സ് സെന്റർ പ്രസിഡന്റ്. ആലപ്പുഴയിൽ സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തിയാണ് കേരള കയർവർക്കേഴ്‌സ് സെന്റർ – സി.ഐ.ടി.യു. അതിനെ മുന്നിൽ നിർത്തി പാർട്ടിയുടെ മുഖ്യധാരയിലേക്ക് വരാനുള്ള സി.ബി. ചന്ദ്രബാബുവിന്റെ ശ്രമമായും ഈ നീക്കം വ്യാഖ്യാനിക്കപ്പെടുന്നു.
സമരം അനിവാര്യമാണെന്നും സർക്കാരിനെതിരേയുള്ള സമരമായി ഇതിനെ കാണേണ്ടതില്ലെന്നും . തൊഴിലാളികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണം. അതിനായാണു സമരം എന്നും കയർവർക്കേഴ്‌സ് സെന്റർ സംസ്ഥാന പ്രസിഡന്റ് സി.ബി. ചന്ദ്രബാബു അഭിപ്രായപ്പെട്ടു.