ലക്നൗ: ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 19 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ബിഹാറിലെ സിതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസ് ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ നിന്ന് പാലുമായി വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. അപകടത്തെ സംബന്ധിച്ച് പരിക്കേറ്റവരിൽ നിന്ന് ആശുപത്രിയിലെത്തി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.















