ചോറ്റാനിക്കരയമ്മയുടെ അനുഗ്രഹത്തോടെ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കാനൊരുങ്ങി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പുതിയ ചിത്രമായ സുമതി വളവിന്റെ തിരക്കഥയാണ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പേനയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അഭിലാഷ് പിള്ള ഇക്കാര്യം അറിയിച്ചത്.
‘പതിവ് പോലെ ചോറ്റാനിക്കരയമ്മയുടെ മണ്ണിൽ തിരക്കഥയുടെ അവസാനഘട്ടത്തിലേക്ക്…’ എന്നാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. അനുഗ്രഹങ്ങളുടെ കൂട്ടത്തിലേക്ക് പുതിയൊരു രചനയും ചെക്കേറട്ടെയെന്നും ആകാംക്ഷയോടെ തങ്ങൾ കാത്തിരിക്കുന്നുവെന്നും സിനിമാ പ്രേമികൾ അഭിപ്രായങ്ങൾ പങ്കുവച്ചു.
ചോറ്റാനിക്കരയമ്മയുടെ തിരുമുറ്റത്തിരുന്നാണ് മാളികപ്പുറത്തിന്റെ തിരക്കഥ എഴുതിയതെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത്തവണ അതേ ദൈവ സന്നിധിയിലിരുന്ന് കഥ രചിക്കുമ്പോൾ മറ്റൊരു ഹിറ്റ് പ്രേക്ഷകർക്ക് സമ്മാനിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് അഭിലാഷ് പിള്ള. അമ്മയുടെ അനുഗ്രഹം മാളികപ്പുറത്തിന് ഉടനീളം ഉണ്ടായിരുന്നുവെന്നും ഇനി ചെയ്യാൻ പോകുന്ന എല്ലാ സിനിമകളും ഈ തിരുമുറ്റത്തിരുന്നാകുമെന്നും അഭിലാഷ് പിള്ള വ്യക്തമാക്കിയിരുന്നു.
മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അതിന്റെ അണിയറപ്രവർത്തകർ ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘സുമതി വളവ്’. സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ്പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും സുമതി വളവിലൂടെ ഒരുമിച്ചെത്തുമ്പോൾ ഒരു ഹൊറർ ത്രില്ലർ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.