ബെംഗളൂരു: രാമനഗര ജില്ലയെ ബംഗളൂരു സൗത്ത് ജില്ലയായി പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തെ എതിർത്ത് ബിജെപി, ജെഡിഎസ് നേതാക്കൾ ശക്തമായി രംഗത്ത് വന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ ആർ.അശോകൻ കോൺഗ്രസ് സർക്കാർ പ്രീണന രാഷ്‌ട്രീയത്തിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ചു.
“അവർ (കോൺഗ്രസ്) രാമനഗരയിലെ “രാമ” എന്ന നാമത്തെ വെറുക്കുന്നതുപോലെ തോന്നുന്നു, ഇതാണ് ഈ നിർദ്ദേശം കൊണ്ടുവരാൻ അവരെ പ്രേരിപ്പിച്ചത്.” നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ.അശോകൻ പറഞ്ഞു,
“റിയൽ എസ്റ്റേറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കവും ഇതിനു പിന്നിൽ ഉണ്ടാകാം” അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബ്രാൻഡ് ബംഗളൂരു’ എന്ന പേരിൽ ബെംഗളൂരുവിലെ ജനങ്ങളെ അവർ ഇതിനകം വഞ്ചിച്ചുകഴിഞ്ഞു, ഇപ്പോൾ രാമനഗരയുടെ പേരുമാറ്റത്തിലൂടെ അവർ ആ ജില്ലയിലെ ജനങ്ങളെയും വിഡ്ഢികളാക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
2007ൽ ബിജെപി-ജെഡിഎസ് സഖ്യസർക്കാരിന്റെ കാലത്താണ് രാമനഗര ജില്ല രൂപീകരിച്ചതെന്നും അശോകൻ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിന് ഇരുപാർട്ടികളോടും പ്രതികാരം ചെയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതും വായിക്കുക
രാമനഗര ജില്ലയുടെ പേര് മാറ്റുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആശയമാണോയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വെളിപ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഡ വഴി ഭൂമി തട്ടിയെടുത്ത ശേഷം രാമനഗര ജില്ലയിലെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയാണോയെന്നും ആർ അശോക് ചോദിച്ചു.
കോൺഗ്രസ് രാമനഗരയെ എന്നും അവഗണിച്ചുവെന്നും ജില്ലയുടെ പേര് മാറ്റാൻ ശ്രമിക്കുന്നത് പ്രീണന രാഷ്‌ട്രീയത്തിന് വേണ്ടിയാണെന്നും,അവർ ജില്ലയെ രാഷ്‌ട്രീയ പ്രാതിനിധ്യത്തിനായി മാത്രം ഉപയോഗിച്ചു, ഒന്നും ചെയ്തിട്ടില്ലെന്നും ബിജെപി സർക്കാരിൽ ജില്ലാ ചുമതലയുള്ള മന്ത്രിയായിരുന്ന മുൻ ഉപമുഖ്യമന്ത്രി ഡോ സിഎൻ അശ്വത് നാരായണൻ പറഞ്ഞു. .
ജെഡിഎസ് യുവജന വിഭാഗം പ്രസിഡൻ്റ് നിഖിൽ കുമാരസ്വാമിയും രാമ നഗരയുടെ പേര് മാറ്റത്തിനെതിരെ രംഗത്ത് വന്നു. കോൺഗ്രസിന്റെ നീക്കത്തിൽ പ്രീണന രാഷ്‌ട്രീയമുണ്ടെന്ന് നിഖിൽ കുമാരസ്വാമി ആരോപിച്ചു. “ഈ സ്ഥലവും അതിന്റെ പേരും അതിൻ്റേതായ പ്രത്യേകത കൊണ്ട് പ്രധാനമാണ്. എന്തുകൊണ്ടാണ് അവർ അതിന്റെ പേര് മാറ്റുന്നത്? ചില വിഭാഗങ്ങളെ വശീകരിക്കാൻ ചില ഹിഡൻ അജണ്ടകളുണ്ട്,” നിഖിൽ കുമാരസ്വാമി പറഞ്ഞു.
രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് ജില്ല എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഒരു സംഘം കൂട്ടാളികളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നൽകിയിരുന്നു.രാമനഗര താലൂക്ക് ജില്ലാ ആസ്ഥാനമായി നിലനിർത്തിക്കൊണ്ട് രാമനഗരയുടെ പേര് മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പേരുമാറ്റാനുള്ള ശ്രമം മാത്രമാണെന്നും ജില്ലയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികളിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
എച്ച്‌ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നപ്പോൾ, 2007-ൽ ബംഗളൂരു റൂറൽ ജില്ലയിൽ നിന്ന് വിഭജിച്ചാണ് രാമനഗര ജില്ല രൂപീകരിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാറിന്റെ സഹോദരൻ ഡികെ സുരേഷ് ബാംഗ്ലൂർ റൂറൽ മണ്ഡലത്തിൽ കുമാരസ്വാമിയുടെ ഭാര്യാസഹോദരൻ ഡോ സി എൻ മഞ്ജുനാഥിനെതിരെ വൻ പരാജയം ഏറ്റു വാങ്ങിയിരുന്നു. രാമനഗര ബാംഗ്ലൂർ റൂറൽ മണ്ഡലത്തിന്റെ ഭാഗമായിരുന്നു.















