എറണാകുളം: എച്ച്ഐവി ബാധിതയായ 21-കാരിയെ വീട്ടിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. എറണാകുളം സ്വദേശിയായ പെൺകുട്ടിയെയാണ് ബന്ധുക്കൾ ഉപേക്ഷിച്ചത്. പരിചരണ കേന്ദ്രത്തിലെത്തിയ പെൺകുട്ടി ജീവനക്കാരുടെ ക്രൂരമർദ്ദനം നേരിടേണ്ടി വന്നതായും പരാതിയുണ്ട്. എറണാകുളത്ത് സ്ഥിതിചെയ്യുന്ന കെയർ ഹോമിലാണ് സംഭവം നടന്നത്.
സംഭവത്തിൽ നാല് പ്രതികളാണുള്ളത്. പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയിൽ എത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. 2023-ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ജനലിൽ കെട്ടിയിട്ട് മരത്തടി ഉപയോഗിച്ച് തല്ലിച്ചതച്ചുവെന്നാണ് പരാതി.
യുവതിയെ ചികിത്സക്ക് കൊണ്ടുപോയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബിനാനിപുരം പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പെൺകുട്ടിയുടെ ശരീരത്തിലുള്ള മുറിവുകൾ ക്രൂര മർദ്ദനത്തിലൂടെയാണ് ഉണ്ടായതെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് പെൺകുട്ടി പറഞ്ഞതായി സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ മനോരോഗ വിദഗ്ധർ മൊഴി നൽകി.
നാല് പ്രതികളുടെയും മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചിരുന്നു. ആരോപണങ്ങൾ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാല് പ്രതികളുടെ മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചത്.















