തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വർദ്ധിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി. സമയബന്ധിതായി കുടിശ്ശിക മുഴുവൻ കൊടുത്തുതീർക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. അഞ്ച് മാസത്തെ ക്ഷേമപെൻഷനാണ് നിലവിൽ നൽകാനുള്ളത്. ഇതിൽ രണ്ട് ഗഡു ഈ സാമ്പത്തിക വർഷവും ബാക്കിയുള്ള മൂന്ന് ഗഡു അടുത്ത സാമ്പത്തിക വർഷവും വിതരണം ചെയ്യും. കുടിശികയുള്ള ക്ഷേമപെൻഷൻ ആദ്യം കൊടുത്ത് തീർക്കൂവെന്ന വിമർശനമാണ് പ്രഖ്യാപനത്തിന് പിന്നാലെ ഉയരുന്നത്.
തെറ്റ് തിരുത്തലിന്റെ ഭാഗമായി സർക്കാരിനോട് മുൻഗണനാ ക്രമം നിശ്ചയിച്ച് മുന്നോട്ട് പോകാനായിരുന്നു സിപിഎം നിർദ്ദേശം. ഇതനുസരിച്ചുള്ള മുൻഗണനാ ക്രമമാണ് മുഖ്യമന്ത്രിയുടെ ചട്ടം 300 പ്രകാരമുള്ള പ്രത്യേക പ്രസ്താവനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ നൽകുന്നതിന് വേണ്ടി സർക്കാർ സ്വീകരിക്കാൻ പോകുന്ന നടപടികളെ കുറിച്ചാണ് മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചത്.
കാരുണ്യ മരുന്ന് വിതരണ കുടിശിക ഈ സാമ്പത്തിക വർഷം തന്നെ കൊടുത്തുതീർക്കും. സപ്ലെെകോ കാര്യക്ഷമമാക്കും. നെല്ല് സംഭരണത്തിന്റെ കുടിശിക കൊടുത്ത് തീർക്കും, എല്ലാ താലൂക്കുകളിലും നീതി സ്റ്റോർ ഉറപ്പാക്കും, വാതിൽപ്പടി വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വീണ്ടും തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.