ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിംഗിന് പിറന്നാളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിലും രാജ്‌നാഥ് സിംഗിന്റെ സംഭാവനകൾ വലുതാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു.
“രാജ്നാഥ് സിംഗിന് ജന്മദിനാശംസകൾ നേരുന്നു. എന്റെ സഹപ്രവർത്തകനും കാബിനറ്റ് അംഗവുമായ അദ്ദേഹം കഠിനാധ്വാനത്തിന്റെയും സേവന പ്രതിബദ്ധതയുടെയും അടിസ്‌ഥാനത്തിൽ സമൂഹത്തിലേക്ക് ഉയർന്നുവന്ന വ്യക്തിത്വമാണ്. ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്കുവലുതാണ്. ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
അതേസമയം പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് രാജ്‌നാഥ്‌സിംഗും രംഗത്തെത്തി. ” അങ്ങയുടെ നല്ല വാക്കുകൾക്ക് ഞാൻ അങ്ങേയറ്റം കൃതാർഥനാണ്. താങ്കളുടെ കഴിവുള്ള നേതൃത്വത്തിന് കീഴിൽ ഇന്ത്യ വൻ പുരോഗതിയാണ് കൈവരിച്ചത് . ആത്മനിർഭര ഭാരതത്തിനായുള്ള അങ്ങയുടെ വീക്ഷണം ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് പ്രചോദനമാണ്. ആ ലക്ഷ്യം കൈവരിക്കാൻ നമ്മുടെ രാഷ്‌ട്രത്തിന്റെ കൂട്ടായ ഇച്ഛാശക്തിക്ക് സാധിക്കുമെന്ന് ഉറപ്പുണ്ട് “, പ്രതിരോധമന്ത്രി എക്‌സിൽ കുറിച്ചു.