ന്യൂഡൽഹി: രാജ്യത്ത് ഭീകരവാദക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചതായി എൻഐഎ. കഴിഞ്ഞ വർഷം 79 പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി. ഈ വര്ഷം ഇതുവരെ 26 പ്രതികൾ ശിക്ഷിക്കപ്പെട്ടു. ഭീകരവാദപ്രവർത്തനങ്ങൾക്ക് കൂടുതൽ യുവാക്കളെ ഐഎസ് റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയെന്നും എൻഐഎ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഭീകരവാദ ക്കേസുകളുടെയും അതിൽ ശിക്ഷിക്കപ്പെടുന്നവരുടെയും എണ്ണത്തിൽ വൻ വർദ്ധനയാണുള്ളത്. കഴിഞ്ഞ 18 മാസത്തെ കണക്കുകൾ പരിശോധിച്ചാൽ 100ലധികം പ്രതികളാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് എൻഐഎ വ്യക്തമാക്കുന്നു. 2023-ൽ 27 കേസുകളിലായി 79 പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി. 2024ന്റെ ആദ്യ പകുതിയിൽ മാത്രം ആറ് കേസുകളിൽ 26 പ്രതികൾ ശിക്ഷിക്കപ്പെട്ടു. നിരവധി കേസുകളിൽ വിചാരണ പുരോഗമിക്കുകയാണ്. ഇതിൽ അധികവും ഐഎസ് ഭീകരവാദം, വ്യാജ കറൻസി, മാവോയിസ്റ്റ് ഭീകരവാദം എന്നിവയുമായി ബന്ധപ്പെട്ടാതാണ്.
ഐഎസ് ഭീകരവാദത്തിന് കൂടുതൽ യുവാക്കളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും വിവിധ സംസ്ഥാനങ്ങളിലെ ഐഎസ് മൊഡ്യൂളുകൾ പൂർണമായും തകർക്കാൻ സാധിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പോപ്പുലർഫ്രണ്ട് എന്ന ഭീകരസംഘടനയെ നിരോധിക്കാനായത് ദേശീയ അന്വേഷണ ഏജൻസിയുടെ വിജയമാണെന്നും എൻഐഎ ഏറ്റെടുത്ത കേസുകളിൽ കുറ്റവാളികൾ രക്ഷപ്പെടാതെ വിചാരണ പൂർത്തിയാക്കാൻ സാധിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കി. ബിഹാറിൽ ഫുൽവാഡി ഷെരീഫ് നഗറിൽ നടന്ന ഭീകരവാദ പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ ഐഎസ് മൊഡ്യുളുകൾ എൻഐഎയ്‌ക്ക് തകർക്കാനായത്. 2019 മുതൽ 2024 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം എൻഐഎ പിടികൂടിയ 354 പ്രതികളാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.















