തിരുവനന്തപുരം: സ്വന്തംകേസ് സ്വന്തം ചെലവിൽ തന്നെ നടത്തണമെന്ന് വിസിമാരോട് ഗവർണർ. സർവകലാശാല ഫണ്ടിൽ നിന്നും 1.13 കോടി രൂപയെടുത്ത് വിസിമാർ കേസ് നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ നിർണായക നിർദേശം. യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവാക്കിയ പണം (ഒരു കോടി പതിമൂന്നു ലക്ഷം രൂപ) വിസിമാർ തിരിച്ചടയ്‌ക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു. ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ ചെലവഴിച്ച തുക ഉടനടി തിരിച്ചടച്ച് റിപ്പോർട്ട് ചെയ്യാനാണ് ഗവർണരുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി എല്ലാ വിസിമാർക്കും അടിയന്തര നിർദ്ദേശം നൽകി.
പല വിസിമാരുടെയും നിയമനം റദ്ദാക്കിയ ഗവർണറുടെ നടപടിക്കെതിരെ കേസ് നടത്തിയതിന്റെ ചെലവുകൾക്കായിട്ടായിരുന്നു യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും കോടികൾ എടുത്തത്. വിവിധ സർവകലാശാലകളുടെ ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപ വിസിമാർ ഉപയോഗിച്ചു. ഇക്കാര്യം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു തന്നെയായിരുന്നു നിയമസഭയിൽ വ്യക്തമാക്കിയത്.
സർവകലാശാല ഉദ്യോഗസ്ഥർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ അവർ സ്വന്തം ചെലവിൽ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ, വിസിമാർ ഫയൽ ചെയ്ത ഹർജികൾക്ക് വേണ്ടി ചെലവിട്ട തുക ബന്ധപ്പെട്ട വിസിമാരിൽ നിന്നോ, തുക അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി.