കണ്ണൂർ: ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്. കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒയാണ് ആകാശിന് ലൈസൻസില്ലെന്നുള്ള റിപ്പോർട്ട് വയനാട് ആർടിഒയ്‌ക്ക് കൈമാറിയത്. നിയമം ലംഘിച്ചുള്ള ആകാശിന്റെ യാത്രയിൽ സ്വമേധയാ കേസെടുക്കണമെന്ന് ഹൈക്കോടതി മോട്ടോർവാഹന വകുപ്പിന് നിർദേശം നൽകിയിരുന്നു.
ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാളാണ് വാഹനം ഓടിച്ചതെന്നും രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾ പൊതുസ്ഥലത്ത് ഉപയോഗിക്കാൻ പാടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. . സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പിഴയിൽ മാത്രം ഒതുങ്ങിയിരുന്ന ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് കൂടിയില്ലെന്ന് കണ്ടെത്തിയതോടെ കുരുക്ക് കൂടുതൽ മുറുകുകയാണ്.
വയനാട് പനമരം ടൗണിലൂടെയാണ് നമ്പർപ്ലേറ്റില്ലാത്ത തുറന്ന ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ആകാശും സുഹൃത്തുക്കളും വാഹനമോടിച്ചത്. സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചതോടെയാണ് വിവാദമായത്. നിയമം ലംഘിച്ച് യാത്ര ചെയ്യുന്ന വീഡിയോ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിവാദമായപ്പോൾ മാത്രമാണ് വാഹനവകുപ്പ് വിഷയത്തിൽ ഇടപെട്ടതെന്ന വ്യാപക വിമർശനവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആകാശിനെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചത്.















