തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇവന്റ് മാനേജുമെന്റ് ടീമുകളെ സഹായിക്കാനാണ് പരിപാടി വീണ്ടും സംഘടിപ്പിക്കുന്നതെന്ന് വ്യക്തമാണ്. കേരളത്തെ സ്‌നേഹിക്കുന്നവർ കേരളീയം ബഹിഷ്‌ക്കരിക്കണം. കേരളത്തിന്റെ പ്രതിച്ഛായ ശക്തിപ്പെടുത്താനല്ല, പിണറായിയുടെ കീശ വീർപ്പിക്കാനാണ് കേരളീയം പോലുള്ള ധൂർത്ത് നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ക്ഷേമപെൻഷൻ കുടിശ്ശിക തീർക്കാൻ പണമില്ലാത്തവരാണ് കേരളീയം നടത്തുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
സംസ്ഥാനത്ത് പകർച്ചപ്പനി കാരണം ജനം പൊറുതിമുട്ടുകയാണ്. നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്ഷയരോഗികൾക്കുള്ള മരുന്ന് പോലും സംസ്ഥാനത്ത് ലഭിക്കുന്നില്ല. ആരോഗ്യമേഖല താറുമാറായി. വകുപ്പിന്റെ എബസിഡി പോലും മന്ത്രിക്ക് അറിയില്ലെന്നും പൂർണപരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജൽജീവൻ മിഷൻ പോലും മുടങ്ങിക്കിടക്കുകയാണ്. കരാറുകാർക്ക് സംസ്ഥാന സർക്കാർ പണം നൽകുന്നില്ല. കേന്ദ്രസർക്കാരിന്റെ പദ്ധതിയായതിനാൽ പ്രതിപക്ഷം ജൽ ജീവൻ മിഷനെ കുറിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിക്കുന്നില്ല. ആറുമാസം സർക്കാരിന്റെ പിടിപ്പുകേട് കാരണം എൻഎച്ച്എം ഫണ്ട് കേരളത്തിന് കിട്ടിയില്ല. പേരുമാറ്റത്തിന്റെ കാര്യത്തിൽ കടിച്ചുതൂങ്ങിയത് കൊണ്ടാണ് ഈ ഗതി വന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.















