ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ നിന്നും രാജിവച്ച ഛത്തർപൂർ എംഎൽഎ കർതാർ സിംഗ് തൻവാറും ഡൽഹി മുൻ മന്ത്രി രാജ് കുമാർ ആനന്ദും ഭാര്യ വീണ ആനന്ദും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ദേവ, ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.
ബിജെപിയിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം രാജ് കുമാർ ആനന്ദ് പറഞ്ഞു. ബിജെപിയോടൊപ്പം ചേർന്നുകൊണ്ട് താൻ ഉൾപ്പെട്ടിരിക്കുന്ന ദളിത് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കും. ആംആദ്മി പാർട്ടിയോട് ദളിതർക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് പറഞ്ഞപ്പോൾ, തന്റെ വാക്കുകൾ അവർ നിരസിച്ചെന്നും മുൻ മന്ത്രി വ്യക്തമാക്കി. അരവിന്ദ് കെജ്രിവാളിന്റെ മന്ത്രിസഭ കഴിഞ്ഞ ഒമ്പത് വർഷമായി ദളിതർക്കു വേണ്ടിയുള്ള ഫണ്ട് ഉപയോഗിച്ചിട്ടില്ല. മുഖ്യമന്ത്രി ദളിതരെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ഏപ്രിലിലാണ് രാജ് കുമാർ ആനന്ദ് എഎപി വിട്ടത്. അഴിമതി കേസിൽ ആം ആദ്മി പാർട്ടി കൺവീനർ അറസ്റ്റിലായതിനെ തുടർന്നാണ് ആനന്ദ് പാർട്ടി വിട്ടത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയിലെ ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവായിരുന്നു ആനന്ദ്. അഴിമതിക്കെതിരെ പോരാടാനാണ് എഎപി എന്ന പാർട്ടി രൂപീകരിച്ചത്. എന്നാൽ, പാർട്ടി അഴിമതിയുടെ ചതുപ്പിൽ മുങ്ങിയിരിക്കുകയാണെന്ന് അറിയിച്ചതിന് ശേഷമാണ് രാജ് കുമാർ ആനന്ദ് പാർട്ടി വിട്ടത്.