ന്യൂഡൽഹി: കുടുംബത്തിനുവേണ്ടി വീട്ടമ്മമാർ വഹിക്കുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കും അവരുടെ ത്യാഗവും പുരുഷന്മാർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീംകോടതി. വീട്ടമ്മമാർക്ക് ഭർത്താക്കന്മാർ സാമ്പത്തിക സഹായം നൽകേണ്ടതിന്റെ ആവശ്യകതയും കോടതി നിരീക്ഷിച്ചു. കുടുംബത്തിലെ സ്ത്രീകൾക്ക് അവരുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ജോയിൻ്റ് ബാങ്ക് അക്കൗണ്ടുകൾ നിലനിർത്തുക, എടിഎം ആക്സസ് പങ്കിടുക തുടങ്ങിയ മാർഗ്ഗങ്ങളും കോടതി നിർദേശിച്ചു. ജീവനാംശം നൽകുന്നത് ജീവകാരുണ്യ പ്രവർത്തനമല്ലെന്നും അത് ഓരോ വിവാഹിതയായ സ്ത്രീയുടെയും മൗലീകാവകാശമാണെന്നും കോടതി വ്യക്തമാക്കി.
ക്രിമിനൽ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം വിവാഹ മോചിതയായ മുസ്ലിം സ്ത്രീകൾക്ക് ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാമെന്ന് വിധിച്ചതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം. ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ എല്ലാ വിവാഹിതരായ സ്ത്രീകൾക്കും ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി.
തെലങ്കാന സ്വദേശിയായ മൊഹമ്മദ് അബ്ദുൾ സമദിന്റെ കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. വിവാഹമോചിതയായ ഭാര്യക്ക് പ്രതിമാസം 20,000 രൂപ ജീവനാംശം നൽകണമെന്ന കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഇയാൾ തെലങ്കാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഇത് 10,000 രൂപയായി കുറച്ചെങ്കിലും ജീവനാംശം നല്കാൻ വിസമ്മതിച്ച ഇയാൾ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.















