സാമ്പത്തിക ഞെരുക്കത്തിൽ ഉഴലുന്ന പാകിസ്താൻ.. എങ്ങും പട്ടിണിയും പരിവട്ടവും മാത്രം.. റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്ന ഇന്ധനവില.. ഒരുതരി ഗോതമ്പ് പൊടിക്ക് വേണ്ടി ജനങ്ങൾ നെട്ടോട്ടമോടേണ്ട അവസ്ഥ.. വിലക്കയറ്റത്തിൽ കണ്ണുതള്ളി നിൽക്കുന്ന ഭരണകൂടം. ഇനിയൊരു സുഹൃദ് രാജ്യത്തിന് മുൻപിലും കൈനീട്ടി ചെല്ലാൻ ബാക്കിയില്ലാതെ നിൽക്കേണ്ടി വരുന്ന ഗതികേട്..
കഴിഞ്ഞ ഏതാനും നാളുകളായി പാകിസ്താൻ അഭിമുഖീകരിക്കേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി സമാനതകളില്ലാത്തതായിരുന്നു. അതുകൊണ്ട് തന്നെ അന്താരാഷ്‌ട്ര നാണ്യനിധിയും ലോകബാങ്കും മുതൽ സർവ സുഹൃദ് രാജ്യങ്ങളിലും വരെ പാക് സർക്കാർ വിദേശസഹായത്തിനായി കൈനീട്ടി. ഇത് സ്ഥിരം പല്ലവിയായതോടെ, കടം നൽകി മടുത്ത പല സുഹൃദ്രാജ്യങ്ങളും പാകിസ്താനോട് നീരസം പ്രകടിപ്പിക്കാനും തുടങ്ങി. വെറും ‘യാചകർ’ മാത്രമായി പാകിസ്താനെ പലരും വിശേഷിപ്പിക്കാൻ തുടങ്ങിയെന്നത് രണ്ട് വർഷം മുൻപ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
യാചകരെന്നും ഭിക്ഷ തേടുന്നവരെന്നും കൈനീട്ടി നടക്കുന്നവരെന്നും ലോകം മുഴുവൻ കുറ്റപ്പെടുത്താൻ തുടങ്ങിയപ്പോൾ ‘യാചന’ എന്ന വാക്കിനോട് പോലും വെറുപ്പായി പാക് ഭരണകൂടത്തിന്. അധ്വാനിക്കാതെ ഭിക്ഷ തേടി നടക്കുന്ന സ്വഭാവം പാക് ജനതയുടെ രക്തത്തിൽ അലിഞ്ഞതാണെന്ന് തോന്നിപ്പിക്കുന്ന വിധം പാക് പൗരന്മാർ വിദേശരാജ്യങ്ങളിൽ പെരുമാറാൻ തുടങ്ങിയതും ഇതിന് ആക്കംകൂട്ടി. സമ്പന്നമായ ഗൾഫ് രാജ്യങ്ങളിലെത്തി ഭിക്ഷാടനം നടത്തുന്ന പതിവ് ശൈലിയാണ് ഒട്ടുമിക്ക പാക് പൗരന്മാരും സ്വീകരിച്ചത്. തീർത്ഥാടക വിസയിൽ സൗദിയിലും ഇറാനിലും ഇറാഖിലുമൊക്കെ എത്തി ഭിക്ഷ തേടി കീശ വീർപ്പിക്കുന്നതായിരുന്നു രീതി. വിദേശരാജ്യങ്ങളിൽ അറസ്റ്റിലായ ഭിക്ഷാടകരിൽ 90 ശതമാനവും പാകിസ്താനികളാണെന്ന കണക്കും ഇക്കാര്യത്തെ സാധൂകരിക്കുന്നു.
പാക് കുറ്റവാളികളെക്കൊണ്ട് നിറഞ്ഞുവെന്നും അതിനാൽ അവരെ നാടുകടത്തുകയാണെന്നും ഇറാഖും സൗദിയും പലപ്പോഴായി പരാതി പറഞ്ഞിട്ടുമുണ്ട്. പാക് വിദേശകാര്യ സെക്രട്ടറി തന്നെയാണ് പാക് സെനറ്റിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭിക്ഷാടനം ഒരു ബിസിനസാക്കി മാറ്റിയ ഇക്കൂട്ടരെ നിലയ്‌ക്ക് നിർത്തിയില്ലെങ്കിൽ ചീത്തപ്പേര് മാറില്ലെന്ന തിരിച്ചറിവിലെത്തിയിരിക്കുകയാണ് നിലവിൽ പാകിസ്താൻ. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന രണ്ടായിരത്തിലധികം ‘പ്രൊഫഷണൽ’ ഭിക്ഷാടകരുടെ പാസ്‌പോർട്ട് സസ്പെൻഡ് ചെയ്യാൻ പാക് സർക്കാർ തീരുമാനിച്ചു.
ഇതിനായി എല്ലാ പാക് എംബസികളുടെയും സഹായമാണ് ഭരണകൂടം തേടിയിരിക്കുന്നത്. ഭിക്ഷാടകരായ വ്യക്തികളുടെ പട്ടിക എംബസികളിൽ നിന്ന് ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ പാസ്പോർട്ട് ഏഴ് വർഷത്തേക്കാണ് സസ്പെൻഡ് ചെയ്യുക. ഇതിനൊപ്പം ഭിക്ഷാടകരെ വിദേശത്തേക്ക് കടത്താൻ സഹായിക്കുന്ന ഏജന്റുമാരുടെ പാസ്പോർട്ടും അസാധുവാക്കും. സൗദി അടക്കമുള്ള രാജ്യങ്ങളിലേക്ക് ഉംറയ്‌ക്ക് എന്ന പേരിൽ പോയി അവിടെ യാചകരായി പണം കൈപ്പറ്റുന്നവരെയാണ് സർക്കാർ ലക്ഷ്യം വച്ചിരിക്കുന്നത്. ഭിക്ഷാടകരായി വിദേശത്ത് വിലസുന്നവരെ നാട്ടിലെത്തിച്ച് ചീത്തപ്പേര് മാറ്റാമെന്ന പ്രതീക്ഷയിലാണ് പാക് സർക്കാർ.















