അസമിലുണ്ടായ പ്രളയത്തിൽപ്പെട്ട് കാസിരംഗ ദേശിയോദ്യാനത്തിലെ 159 വന്യമൃഗങ്ങൾ ചത്തു. 9 കാണ്ടാമൃഗങ്ങളടക്കമാണിതെന്ന് നാഷണൽ പാർക്ക് അധികാരികൾ വ്യക്തമാക്കി. ഫീൾഡ് ഡയറക്ടർ സൊനാലി ഘോഷ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 159 വന്യമൃഗങ്ങളിൽ 128 പന്നിമാൻ, 9 കണ്ടാമൃഗങ്ങൾ, മാനുകൾ എന്നിവയാണ് വെള്ളപ്പൊക്കത്തിൽ ചത്തത്.
അതേസമയം ഇതുവരെ 133 മൃഗങ്ങളെ രക്ഷിക്കാൻ സാധിച്ചുവെന്നും സൊനാലി പറഞ്ഞു. പാർക്ക് അതോറിറ്റിയും വനം വകുപ്പും ചേർന്നാണ് മൃഗങ്ങളെ രക്ഷിച്ചത്. 111 മൃഗങ്ങളെ ചികിത്സയക്ക് ശേഷം തുറന്നുവിട്ടു. കണ്ടാമൃഗവും ആനയുമടക്കമുള്ള ഏഴ് മൃഗങ്ങൾ ഇപ്പോൾ ചികിത്സയിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പാർക്കിലെ വെള്ളപ്പൊക്കത്തിന്റെ സാഹചര്യം നേരിയ തോതിൽ മെച്ചപ്പെട്ടു, എന്നാൽ പാർക്കിലെ 62 ഫോറസ്റ്റ് ക്യാമ്പുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്, 4 ക്യാമ്പുകൾ ഒഴിപ്പിച്ചു. പാർക്കിൽ 233 ഫോറസ്റ്റ് ക്യാമ്പുകളുണ്ട്.