ചർമ്മം കണ്ടാൽ പ്രായം തോന്നില്ല.. എന്നതൊര് ആലങ്കാരിക പ്രയോഗമാണെങ്കിലും ബ്രാൻഡൻ മൈൽസ് മേയുടെ കാര്യത്തിൽ ആ പ്രയോഗം 100 ശതമാനവും ചേരും. മിഷിഗണിലെ ഈ സുന്ദരനെ കണ്ടാൽ 15 വയസിന് മുകളിൽ ആരും പറയില്ല. എന്നാൽ യാഥാർത്ഥ പ്രായം കേട്ടാൽ ഞെട്ടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. 35 വയസുള്ള യുവാവാണ് ബ്രാൻഡൻ. അപരിചതർ തന്നെ എപ്പോഴും കൗമാരക്കാരനായാണ് പരിഗണിക്കുന്നതെന്നും ബ്രാൻഡൻ പറയുന്നു. പ്രായത്തിന്റെ പേരിൽ വിമാനത്താവളത്തിലും പല അക്കിടികളും സംഭവിച്ചിട്ടുണ്ടെന്ന് ചുള്ളൻ വ്യക്തമാക്കുന്നു.
പ്രായമാകാതിരിക്കാൻ നന്നായി പണിയെടുക്കാൻ ആരോഗ്യ മേഖലയിൽ ബിസിനസുള്ള യുവാവ് ശ്രദ്ധിക്കുന്നു. കടുത്ത ഡയറ്റാണ് പിന്തുടരുന്നത്. ആഹാരത്തിൽ പഴവർഗങ്ങളും പച്ചക്കറിയും മത്സ്യവുമാണ് ഏറിയ പങ്കും. അൾക്കഹോളിനെ അടുപ്പിക്കാനും ബ്രാൻഡൻ തയാറല്ല. സൂര്യ വെളിച്ചം ഏൽക്കാതിരിക്കാനുള്ള മുൻ കരുതൽ സ്വീകരിച്ച ശേഷമാകും യാത്രകളൊക്കെയും. ഹൂഡിയാണ് കൂടുതലും ധരിക്കുക. ഇതിനൊപ്പം തൊപ്പിയും കുടയും സന്തത സഹചാരിയായി മൈൽസിനാെപ്പമുണ്ടാകും.
13-ാം വയസുമുതൽ ആരോഗ്യം പരിപാലിച്ച് തുടങ്ങിയ ബ്രാൻഡൻ 19-ാം വയസിൽ പഞ്ചസാരയും കാർബോ ഹൈഡ്രേറ്റ് എന്നിവയോടും ഗുഡ്ബൈ പറഞ്ഞു. ബ്രാൻഡൻ സോഷ്യൽ മീഡിയയിലെ ഒരു കണ്ടൻ്റ് ക്രിയേറ്ററും കൂടിയാണ്. തന്റെ ആരോഗ്യരഹസ്യങ്ങളും ഭക്ഷണ ക്രമവും ഇയാൾ പങ്കുവയ്‌ക്കാറുണ്ട്.