ശ്രീനഗർ: ലഡാക്കിൽ കഴിഞ്ഞവർഷം കാണാതായ സൈനികരുടെ മൃതദേഹം കണ്ടെത്തി ദൗത്യസേന. ലഡാക്കിലെ മൗണ്ട് കുനിൽ ഹിമപാതത്തിൽ കാണാതായ 3 സൈനികരുടെ മൃതദേഹമാണ് കണ്ടെടുത്തത്. സംഭവം നടന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങൾ സൈന്യം കണ്ടെടുത്തത്.
ഹൈ ആൾട്ടിറ്റ്യൂഡ് വാർഫെയർ സ്കൂളിന്റെ (എച്ച്എഡബ്ല്യുഎസ്) ഡെപ്യൂട്ടി കമാൻഡൻ്റ് ബ്രിഗേഡിയർ എസ് എസ് ഷെഖാവത്താണ് സൈനികരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ഓപ്പറേഷൻ RTG ക്ക് നേതൃത്വം നൽകിയത്. കീർത്തിചക്ര ജേതാവും എവറസ്റ്റ് കൊടുമുടി മൂന്ന് തവണ കീഴടക്കിയ പരിചയസമ്പന്നനായ പർവതാരോഹകനുമാണ് ബ്രിഗേഡിയർ ഷെഖാവത്ത്. ഒമ്പത് ദിവസം തുടർച്ചയായി 18,700 അടിയിലേറെ ഉയരത്തിൽ നിന്നും താഴേക്ക് കുഴിച്ചാണ് മൃതദേഹങ്ങൾ വീണ്ടെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
ഹൈ ആൾട്ടിറ്റ്യൂഡ് വാർഫെയർ സ്‌കൂളിലെ (എച്ച്എഡബ്ല്യുഎസ്) സംഘവും ഇന്ത്യൻ ആർമിയുടെ ആർമി അഡ്വഞ്ചർ വിംഗും കഴിഞ്ഞ വർഷം ഒക്ടോബറിൽ മൗണ്ട് കുനിന് സമീപം പതിവ് പരിശീലന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിത ഹിമപാതത്തിൽ അകപ്പെടുന്നത്. 38 പേരടങ്ങുന്ന സംഘത്തിൽ 4 പേരെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ബാക്കിയുള്ള 3 സൈനികരുടെ മൃതദേഹങ്ങളാണ് 9 മാസങ്ങൾക്ക് ശേഷം ദൗത്യസേന കണ്ടെത്തിയിരിക്കുന്നത്.















