തിരുവനന്തപുരം: ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ എത്തിച്ചേരും. കപ്പലിനെ സ്വീകരിക്കാന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പൽ ശ്രീലങ്കന്‍ തീരം വിട്ട് വിഴിഞ്ഞത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വ്യാഴാഴ്ച രാവിലെ കപ്പൽ തുറമുഖത്ത് എത്തും.ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ഉടമസ്ഥതയിലുളള സാൻ ഫെർണാൺഡോയെന്ന കപ്പലാണ് വിഴിഞ്ഞത്തേക്ക് കണ്ടെയ്‌നറുകളുമായെത്തുന്നത്.
കപ്പൽ ഇന്നു രാവിലെ ഏഴേമുക്കാലോടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍ എത്തുമെന്നാണ് പ്രതീക്ഷ. തുറമുഖ പൈലറ്റ് സാൻ ഫെർണാൺഡോയെന്ന കപ്പലില്‍ എത്തി തുറമുഖത്തേക്ക് കപ്പലിനെ ആനയിക്കും. 9.15 ഓടെ കപ്പല്‍ ബെര്‍ത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സാന്‍ ഫെര്‍ണാഡോയെ സ്വീകരിക്കുക. വലിയ ടഗായ ഓഷ്യന്‍ പ്രസ്റ്റീജിന്റെ നേതൃത്വത്തില്‍ ഡോള്‍ഫിന്‍ സീരിസിലെ 27, 28, 35 എന്നീ ചെറു ടഗുകളാണ് വാട്ടര്‍ സല്യൂട്ട് നല്‍കിയുള്ള സ്വീകരണമൊരുക്കുക എന്നറിയുന്നു.
വെള്ളിയാഴ്ച (ജൂലൈ 12 ) രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിലാണ്ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നൽകുക .തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനാകുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടർ കരൺ അദാനിയും പങ്കെടുക്കും.
വെള്ളിയാഴ്ച (ജൂലൈ 12 ) രാവിലെ നടക്കുന്ന സ്വീകരണ ചടങ്ങിനു ശേഷം സാന്‍ ഫെര്‍ണാഡോ കൊളംബോക്കു പുറപ്പെടുമെന്നാണ് ഇപ്പോഴത്തെ വിവരം.
രണ്ടായിരത്തോളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടാവുമെന്നാണ് പ്രാഥമിക വിവരം. ബെര്‍ത്തിങ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കല്‍ തുടങ്ങും. കണ്ടെയ്‌നറുകള്‍ ഇറക്കുന്നതിനു ഒരു ദിവസം മതിയാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വലിയ കപ്പലില്‍ നിന്നു ചെറു കപ്പലിലേക്കുള്ള ട്രാന്‍ഷിപ്‌മെന്റ് നടത്തുന്നതിനായി മാറിന്‍ അജൂര്‍, സീസ്പാന്‍ സാന്റോസ് എന്നീ രണ്ട് ചെറു കപ്പലുകള്‍ എത്തുമെന്നാണ് റിപ്പോർട്ട് . ഈ കണ്ടെയ്‌നറുകൾ അടുത്ത ദിവസങ്ങളിൽ തുറമുഖത്തെത്തുന്ന കപ്പലുകളിൽ മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും.
വ്യാഴാഴ്ച തുടങ്ങുന്നത് പൂർണതോതിൽ ചരക്കുനീക്കം നടക്കുന്ന തരത്തിലുള്ള ട്രയൽറണ്ണാണ്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ മാസം വരെ തുടർച്ചയായി ചരക്കുകപ്പലുകൾ എത്തും. മൂന്നുമാസത്തിനുള്ളിൽ തുറമുഖത്തിന്റെ വാണിജ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.
ട്രയല്‍ റണ്ണിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും മുന്‍ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിനെയും ക്ഷണിക്കാത്തത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ട്രയല്‍ റണ്‍ വിജയിക്കുമ്പോഴാണ് കമ്മിഷനിങ് വരുന്നത്. ആ ഘട്ടത്തില്‍ എല്ലാവരെയും ക്ഷണിച്ചായിരിക്കും പരിപാടിയെന്നും മന്ത്രി പറഞ്ഞു.
പി.പി.പി. മാതൃകയിൽ 7700 കോടിയുടെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയായി രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാർഥ്യമാകുന്നത്. 2015 ഓഗസ്റ്റ് 17- കരാർ ഒപ്പുവെച്ച പദ്ധതിക്ക് 2015 ഡിസംബർ 5- നാണ് തറക്കല്ലിട്ടത്.