തിരുവനന്തപുരം: ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എം.എസ്.സി) യും വിഴിഞ്ഞത്തേക്ക്. വ്യാഴാഴ്ച ട്രയൽ റണ്ണിന്റെ ഭാഗമായി എത്തുന്ന സാൻ ഫെർണാൻഡോക്കു പിന്നാലെ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എം.എസ്.സി.)യുടെ കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
തങ്ങളുടെ കപ്പൽ വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമായാൽ ഉടൻതന്നെ എത്തുമെന്ന് എം.എസ്.സി. കമ്പനിയുടെ പ്രതിനിധികൾ പറഞ്ഞതായി ഇക്കണോമിക് ടൈംസിന്റെ ഓൺലൈൻ മാധ്യമമായ ഇ.ടി. ഇൻഫ്ര പറയുന്നു.
എം.എസ്.സി.യുടെ പടു കൂറ്റൻ മദർഷിപ്പായിരിക്കും വിഴിഞ്ഞത്ത് എത്തുക. ഇതിൽ കൊണ്ടുവരുന്ന കണ്ടെയ്‌നറുകൾ ഇവിടെ ഇറക്കി മറ്റു ചെറു കപ്പലുകളിലേക്ക് മാറ്റി, മറ്റു തുറമുഖങ്ങളിലേക്കു കൊണ്ടുപോകുന്ന പ്രക്രിയയാണ് വിഴിഞ്ഞത്ത് നടക്കുക. ഇതിന് ലോജിസ്റ്റിക്സ് ഭാഷയിൽ ട്രാൻസ്ഷിപ്‌മെന്റ് എന്നാണ് പറയുന്നത്.
ഇപ്പോൾ ട്രാൻസ്ഷിപ്‌മെന്റ് നടത്താനുള്ള അനുമതി മാത്രമാണ് വിഴിഞ്ഞത്തിനു ലഭിച്ചിട്ടുള്ളത്. റെയിൽ-റോഡുമാർഗം ചരക്കുനീക്കത്തിന് അനുമതി ലഭിക്കുന്നമുറയ്‌ക്ക് അതും പ്രായോഗികമാവും.
കൊളംബോ, സിങ്കപ്പൂർ എന്നീ തുറമുഖങ്ങൾ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖങ്ങളാണ് . ഇവിടങ്ങളിൽ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. നാലും അഞ്ചും ദിവസം കാത്തുകിടന്നാണ് ഈ രണ്ടു തുറമുഖങ്ങളിലും ചരക്കിറക്കാൻ സാധിന്നത്. ഈ കാത്തു കിടപ്പ് കപ്പൽ കമ്പനികൾക്ക് വൻ ബാധ്യതയാണ്. ഇത് പ്രമുഖ കപ്പൽ കമ്പനികളെ പെട്ടെന്നുതന്നെ വിഴിഞ്ഞത്തേക്ക് ആകർഷിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഭൗമ ശാസ്ത്ര പരമായി വലിയ സ്ഥാനമുള്ള വിഴിഞ്ഞത്ത് രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖം സജ്ജമാവുന്നതോടെ അതിന്റെ സാധ്യതകൾ മുതലെടുക്കാൻ കപ്പൽ കമ്പനികൾ ശ്രമിക്കുമെന്നാണ് സൂചനകൾ. ഇതിനാലാണ് മെസ്‌കിനു പിന്നാലെ എം.എസ്.സി.യുടെ കപ്പൽകൂടി എത്തുന്നത്.