കണ്ണൂർ: പനമരം ടൗണിലൂടെ നമ്പർ പ്ലേറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തി ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് പൊലീസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെയാണ് പൊലീസ് മലപ്പുറത്ത് നിന്നും പനമരത്തേക്ക് ജീപ്പ് എത്തിച്ചത്. കസ്റ്റഡിയിൽ എടുക്കും മുമ്പ് ജീപ്പിൽ വീണ്ടും രൂപമാറ്റം വരുത്തിയിട്ടുണ്ട്. ട്രാക്ടറിന് സമാനമായ ടയറുകളാണ് ജീപ്പിൽ ഘടിപ്പിച്ചിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
ആകാശിന് ലൈസൻസ് ഇല്ലെന്ന് ഇന്നലെ കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒ റിപ്പോർട്ട് നൽകിയിരുന്നു. ലൈസൻസ് ഉണ്ടെങ്കിൽ അത് റദ്ദാക്കാനായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ നീക്കം. വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആർസി റദ്ദാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി, രൂപമാറ്റം വരുത്തി, സീറ്റ് ബെൽറ്റ് ധരിച്ചില്ല, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങൾക്ക് 45,000 രൂപയാണ് ആകാശിന് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയിരിക്കുന്നത്.
പനമരം ടൗണിലൂടെയാണ് തുറന്ന ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ആകാശും സുഹൃത്തുക്കളും വാഹനമോടിച്ചത്. സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചതോടെയാണ് വിവാദമായത്. നിയമം ലംഘിച്ച് യാത്ര ചെയ്യുന്ന വീഡിയോ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിവാദമായപ്പോൾ മാത്രമാണ് വാഹനവകുപ്പ് വിഷയത്തിൽ ഇടപെട്ടതെന്ന വ്യാപക വിമർശനവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആകാശിനെതിരെ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറായത്. മോട്ടോർ വാഹനവകുപ്പിനോട് സംഭവത്തിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു.