ചെന്നൈ: ഡി.എം.കെ സംഘടനാ സെക്രട്ടറി ആർ.എസ്.ഭാരതിക്കെതിരെ ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകി. ഇന്നലെ ചെന്നൈ സൈദാപ്പേട്ട 18-ാം നമ്പർ കോടതി മജിസ്‌ട്രേറ്റ് പാർതിപന് മുമ്പാകെയാണ് അണ്ണാമലൈ കേസ് ഫയൽ ചെയ്തത്.
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന് ഉത്തരവാദി ബിജെപി നേതാവ് കെ അണ്ണാമലൈയാണെന്ന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
“കള്ളക്കുറിച്ചി വിഷമദ്യ ദുരന്ത കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ ഗൂഢാലോചന ഉണ്ടെന്ന് സംശയമുണ്ട്. ഇതിന് വിക്രവണ്ടി തിരഞ്ഞെടുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടാകും. എനിക്ക് ഒരു കാര്യത്തിൽ സംശയമുണ്ട്. വിക്രവണ്ടി തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ഇത് ചെയ്യാൻ പദ്ധതിയിട്ടിരുന്നോ എന്ന് സംശയമുണ്ട്.” ആർ എസ് ഭാരതി പറഞ്ഞു.
ഈ പ്രസംഗത്തെ അപലപിച്ച അണ്ണാമലൈ, ആർഎസ് ഭാരതി മാപ്പ് പറയണം, ഇല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ “തനിക്ക് മാപ്പ് ചോദിക്കാൻ കഴിയില്ല, നഷ്ടപരിഹാരം നൽകാനും കഴിയില്ല, കേസെടുത്താൽ നിയമത്തെ നേരിടാൻ തയ്യാറാണ്” എന്നാണ് ഇതിനോട് പ്രതികരിച്ച് ആർഎസ് ഭാരതി പറഞ്ഞത്.
ഇതും വായിക്കുക
ഇതിന് പിന്നാലെയാണ് അണ്ണാമലൈ നിയമനടപടിയിലേക്ക് കടന്നത്. അദ്ദേഹം ചെന്നൈ സൈദാപേട്ട് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
തുടർന്ന് അണ്ണാമലൈ ബുധനാഴ്ച ചെന്നൈയിൽ മാധ്യമങ്ങളെ കണ്ടു. തുടർന്ന് അദ്ദേഹം പറഞ്ഞു:
“കള്ളക്കുറിച്ചിയിൽ 65 ഓളം പേർ വ്യാജമദ്യം കഴിച്ച് മരിച്ചു. ഈ മദ്യമരണത്തിന് ഞാൻ ഉത്തരവാദിയാണ് എന്ന് 23.06.24 ന് ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ എസ് ഭാരതി പത്രസമ്മേളനത്തിൽ പറഞ്ഞു. ഞാൻ ഗൂഢാലോചന നടത്തി എവിടെ നിന്നോ കള്ളക്കടത്ത് മദ്യം കൊണ്ടുവന്ന് കള്ളക്കുറിച്ചിയിൽ നൽകിയതുകൊണ്ടാണ് ആളുകൾ മരിച്ചതെന്നും ആർഎസ് ഭാരതി ആരോപിച്ചിരുന്നു. അദ്ദേഹം അങ്ങനെ പറഞ്ഞത് എന്നെ വല്ലാതെ വേദനിപ്പിച്ചു.
ഞങ്ങൾ തമിഴ്‌നാട്ടിൽ ഒരു രാഷ്‌ട്രീയ മാറ്റത്തിനായി പോരാടുകയാണ്. ഞാൻ രാഷ്‌ട്രീയത്തിൽ വന്നിട്ട് 3 വർഷമായിട്ടും ആർക്കെതിരെയും ഒരു മാനനഷ്ടക്കേസും കൊടുത്തിട്ടില്ല. പലരും എനിക്കെതിരെ ധാരാളം നുണകളും അപവാദങ്ങളും പറഞ്ഞു. പക്ഷേ അന്നും ഞാൻ മാനനഷ്ടക്കേസൊന്നും എടുത്തില്ല.ആർ എസ് ഭാരതിയുടെ പ്രസംഗം പരിധി വിട്ടതാണ് ഇപ്പോൾ ഞാൻ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ കാരണം .
അദ്ദേഹത്തിന് 80 വയസ്സിനു മുകളിൽ പ്രായമുണ്ട്. 60 വർഷമായി രാഷ്‌ട്രീയത്തിലുണ്ട്. ഡി.എം.കെ.യുടെ കാലം കഴിഞ്ഞുവെന്ന് പൂർണ്ണമായി അറിഞ്ഞതിന് ശേഷം,അദ്ദേഹത്തിന്റെ വായിൽ നിന്ന് നുണകളും അപവാദങ്ങളും ഒഴുകാൻ തുടങ്ങി. ആർഎസ് ഭാരതിക്കെതിരെ ഞങ്ങൾ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
ആർ.എസ്.ഭാരതിയിൽ നിന്ന് ലഭിക്കുനന് ഒരു കോടി രൂപ ഉപയോഗിച്ച് കള്ളക്കുറിച്ചിയിൽ ലഹരിക്ക് ഇരയായവർക്കായി പുനരധിവാസ ക്യാമ്പ് തുടങ്ങാൻ ആണ് ഞങ്ങളുടെ ലക്ഷ്യം. അതിനാൽ, ഈ കേസ് ഏറ്റെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതുപോലെ, ആർഎസ് ഭാരതിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ശഠിച്ചു,” അദ്ദേഹം പറഞ്ഞു.















