മുംബൈ: വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച ആറ് പേർ കസ്റ്റംസ് പിടിയിൽ. ഗൾഫിൽ നിന്നും മുംബൈ വിമാനത്താവളത്തിലെത്തിയ ആറ് പേരിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഷാർജയിൽ നിന്നെത്തിയ മൂന്ന് പേരും ദുബായിൽ നിന്നും ജിദ്ദയിൽ നിന്നുമെത്തിയ മറ്റാളുകളുമാണ് പിടിയിലായത്. വ്യത്യസ്ത രീതികളിലായി ശരീരത്തിലൊളിപ്പിച്ച നിലയിലാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മെഴുകിന്റെ രൂപത്തിലുള്ള സ്വർണവും 5 കിലോയുടെ സ്വർണ മാലകളും സ്വർണ ദണ്ഡുകളും കണ്ടെത്തിയിട്ടുണ്ട്. കണ്ണട വയ്‌ക്കുന്ന ബോക്‌സിലും, പേനയുടെ റീഫില്ലിനകത്തും, വസ്ത്രങ്ങളിലും, ശരീരത്തിലും വച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചെടുത്തത്. ആറ് പേരെയും അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
ജൂലൈ 1-ാം തീയതി മുതൽ ഒമ്പതാം തീയതി വരെ 22 കേസുകളാണ് ഇത്തരത്തിൽ മുംബൈ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10 കോടി വിലമതിക്കുന്ന 16 കിലോ സ്വർണം ഈ കാലയളവിൽ വിവിധ ആളുകളിൽ നിന്ന് പിടികൂടിയിട്ടുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.