ന്യൂഡൽഹി: 2024 -25 ലെ കേന്ദ്ര ബജറ്റ് ചർച്ച ചെയ്യാൻ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക വിദഗ്ധർ, വ്യവസായ വിദഗ്ധർ, നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
നിലവിലെ സാമ്പത്തിക സ്ഥിതിയും പുതിയ പദ്ധതികളും തന്ത്രങ്ങളും യോഗത്തിൽ ചർച്ചയായി. കൂടാതെ സാമ്പത്തിക വിദഗ്ധരുടെ വീക്ഷണങ്ങളും ശുപാർശകളും പ്രധാനമന്ത്രിക്ക് മുൻപാകെ അവതരിപ്പിക്കുകയും ചെയ്തു. ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23 നാണ് പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് സമ്മേളനം ജൂലൈ 22 ന് ആരംഭിച്ച് ഓഗസ്റ്റ് 12 ന് അവസാനിക്കും. മൂന്നാം തവണയും കേന്ദ്രത്തിൽ അധികാരമേറ്റശേഷമുള്ള മോദി സർക്കാരിന്റെ ആദ്യ ബജറ്റാണിത്.
റഷ്യയിലെയും ഓസ്ട്രിയയിലെയും ദ്വിരാഷ്‌ട്ര സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് രാവിലെ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ മടങ്ങിയെത്തിയിരുന്നു. കഴിഞ്ഞ മാസം പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു വികസിത ഭാരതമെന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ സഹായകമായ ചരിത്രപരമായ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു.