കോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫീസിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ അജ്മൽ, സഹോദരൻ ഷഹദാദ് എന്നിവരുടെ ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്.
പ്രതികൾ ചെയ്ത കുറ്റം ഗുരുതരമാണെന്നും അതിനാൽ ഇരുവർക്കും ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.സർക്കാർ ഓഫിസിൽ ആക്രമണം നടത്തി നാശനഷ്ടം വരുത്തിയത് ഗൗരവത്തോടെ കാണുന്നതായി കോടതി പറഞ്ഞു.
ബില്ലടക്കാത്തതിനെ തുടർന്ന് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം KSEB വിച്ഛേദിച്ചിരുന്നു. തുടർന്ന് അജ്‌മൽ ഓൺലൈനായി ബില്ലടച്ച ശേഷം ഉടൻ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. പിറ്റേദിവസമാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ എത്തിയത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകി എന്നാരോപിച്ച് ബന്ധപ്പെട്ട് അജ്‌മലും ഉദ്യോഗസ്ഥരും തമ്മിൽ തര്‍ക്കമുണ്ടായി. തുടർന്ന് ജീവനക്കാര്‍ പൊലീസിൽ പരാതി നൽകി.
പൊലീസ് കേസെടുത്തപ്പോൾ അജ്മൽ സഹോദരനൊപ്പം കെഎസ്ഇബി ഓഫിസിലെത്തി ആക്രമണം അഴിച്ചുവിട്ടു എന്നാണ് പരാതി. ഓഫിസിലെ കംപ്യൂട്ടറുകളും ഉപകരണങ്ങളും തകർത്തു എന്നും ആരോപണമുണ്ട്. ജീവനക്കാരുടെ ദേഹത്ത് ഭക്ഷണ സാധനങ്ങളുടെ മാലിന്യവും ഒഴിച്ചു. ആക്രമണത്തിൽ മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നായിരുന്നു കെഎസ്ഇബിയുടെ അവകാശവാദം.
KSEB ജീവനക്കാരുടെ പരാതിയിൽ അജ്മലിനും സഹോദരൻ ഫഹ്ദാനും എതിരെ കേസെടുത്തിരുന്നു. ഓഫിസ് ആക്രമിച്ച അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത് വിവാദമായിരുന്നു. പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
സർക്കാർ ഉദ്യോഗസ്ഥർക്ക് നിർഭയം ജോലി ചെയ്യാനുള്ള അന്തരീക്ഷം വേണമെന്ന് കോടതി പറഞ്ഞു , ഇത്തരം കുറ്റകൃത്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഉരുക്കുമുഷ്ടികൊണ്ട് ഇവ നേരിടണമെന്നു കോടതി വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയായ അജ്മൽ സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു .















