തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ സാൻ ഫെർണാണ്ടോ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. കപ്പലിന്റെ ക്യാപ്റ്റനും സ്വീകരണമുണ്ടാകും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പിന് വേണ്ടി അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ കരൺ അദാനിയും ചടങ്ങിന്റെ ഭാഗമാകും. ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്‌നറുകൾ ഇറക്കി സാൻ ഫെർണാണ്ടോ വൈകീട്ട് 3.15ന് വിഴിഞ്ഞം തീരം വിടും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർക്ക് ചടങ്ങിലേക്ക് ക്ഷണമില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധമുണ്ടെങ്കിലും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കില്ല. എന്നാൽ പുനരധിവാസ പാക്കേജ് ഇടതുസർക്കാർ നടപ്പാക്കിയില്ലെന്ന് ആരോപിച്ച് സ്ഥലം എംപി ശശി തരൂർ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും. ഓദ്യോഗിക ക്ഷണമില്ലെന്ന് ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപത പ്രതിനിധികളും ചടങ്ങിലേക്ക് എത്തില്ല. ട്രയൽ റൺ ഉദ്ഘാടനമാണ് നടക്കുന്നതെന്നും കമ്മീഷൻ ഘട്ടമെത്തുമ്പോഴേക്കും എല്ലാവരെയും ക്ഷണിക്കുമെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
വിഴിഞ്ഞം തുറമുഖത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തിന്റെയും ഇരട്ട നിലപാടുകളെ വിമർശിച്ചും ജനങ്ങൾ രംഗത്തെത്തി. 2015-ൽ ഉമ്മൻചാണ്ടി പദ്ധതിക്ക് പച്ചക്കൊടി വീശിയപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ എതിർത്ത് രംഗത്തെത്തിയിരുന്നു. 6000 കോടി രൂപയുടെ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയെന്നാണ് 2015-ൽ മുഖ്യമന്ത്രി പറഞ്ഞത്. സ്വപ്‌നം തീരമണയുന്നു. കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ മദർഷിപ്പ് എത്തി. വിജയവഴിയിൽ വിജയം ഉൾപ്പെടെയുള്ള പുതിയ പോസ്റ്റുകളാണ് വിമർശനത്തിന് വഴിവെച്ചത്.















