കാഠ്മണ്ഡു : നേപ്പാളില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലിലും രണ്ടു ബസുകള്‍ ഒലിച്ചു പോയതായി റിപ്പോര്‍ട്ട്. മദന്‍-ആശ്രിത് ഹൈവേയില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ത്രിശൂലി നദിക്ക് സമീപമാണ് സംഭവം.രണ്ട് ബസുകളിലുമായി ബസ് ഡ്രൈവർമാരടക്കം 63 പേർ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും ചിത്വാൻ ജില്ലാ മജിസ്‌ട്രേറ്റ് ഇന്ദ്രദേവ് യാദവ് പറഞ്ഞു. തുടർച്ചയായി പെയ്യുന്ന മഴയിൽ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.
തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന എയ്ഞ്ചൽ ബസും ഗണപതി ഡീലക്സും പുലർച്ചെ 3.30ഓടെയാണ് അപകടത്തിൽപ്പെട്ടതെന്ന് ഇന്ദ്രദേവ് യാദവ് പറഞ്ഞു. കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസിൽ 24 പേരും മറ്റൊരു ബസിൽ 41 പേരും യാത്ര ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഗണപതി ഡീലക്സിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേർ വാഹനത്തിൽ നിന്ന് ചാടുകയായിരുന്നു.
സംഭവത്തിൽ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ദുഃഖം രേഖപ്പെടുത്തി . നേപ്പാൾ പോലീസും സായുധ പോലീസ് സേനയും രക്ഷാപ്രവർത്തനത്തിനായി സംഭവസ്ഥലത്തേക്ക് എത്തിയതായി പോലീസ് സൂപ്രണ്ട് ഭവേഷ് റിമാൽ പറഞ്ഞു. നാരായൺഘട്ട്-മഗ്ലിങ് റോഡ് ഭാഗത്ത് വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞത് ഗതാഗതം തടസ്സപ്പെടുത്തി.















