തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ബ്രാൻഡ് അംബാസഡറായി മോഹൻലാൽ. ടി20 മാതൃകയിൽ സെപ്റ്റംബർ 2 മുതൽ 19 വരെ കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ നടക്കുന്ന ടൂർണമെന്റിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് താരമായിരിക്കും. ക്രിക്കറ്റ് ആരാധകനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള ടീമിന്റെ നായകനുമായിരുന്ന മോഹൻലാൽ കൂടി ടൂർണമെന്റിന്റെ ഭാഗമാകുന്നതോടെ പുതിയൊരു ക്രിക്കറ്റ് വിപ്ലവത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങുന്നത്.
അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നതെന്ന് മോഹൻലാൽ പറഞ്ഞു. കേരളത്തിലെ പ്രതിഭകൾക്ക് ദേശീയ ശ്രദ്ധയും അതുവഴി മികച്ച അവസരങ്ങളും കൈവരാനുള്ള അവസരമാണിത്. പുതിയൊരു ക്രിക്കറ്റ് സംസ്‌കാരത്തിന് ഇത് വഴിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടീം ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനുള്ള താത്പര്യപത്രം സമർപ്പിക്കാനുള്ള അവസരം ജൂലൈ 15 വരെയാണ്. ആറ് ടീമുകളാണ് ടൂർണമെന്റിൽ ഉണ്ടാകുക. 60 ലക്ഷം രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. പകലും രാത്രിയുമായി രണ്ട് മത്സരങ്ങളാണ് ദിവസവും നടക്കുന്നത്.