കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്‌സണ് ലോക റെക്കോർഡ്. ലോർഡ്‌സിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റിലാണ് താരം പുതിയ നേട്ടത്തിന് ഉടമയായത്. 40,000 പന്തുകളെറിയുന്ന ആദ്യ പേസ് ബൗളറെന്ന നേട്ടമാണ് ആൻഡേഴ്‌സണ് കെെവരിച്ചത്. മുത്തയ്യ മുരളീധരൻ (44,039), അനിൽ കുബ്ലെ (40,850), ഷെയ്ൻ വോൺ (40,705) എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലുമായി 50,000 പന്തുകളെറിയുന്ന ആദ്യ പേസർ കൂടിയാണ് ജെയിംസ് ആൻഡേഴ്‌സൺ. 188 ടെസ്റ്റുകൾ കളിച്ച താരം ഇതുവരെ 703 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ പേസ് ബൗളർമാരുടെ പട്ടികയിലും ആൻഡേഴ്‌സണാണ് മുന്നിൽ. സ്പിന്നർമാരായിരുന്ന മുത്തയ്യ മുരളീധരൻ (800), ഷെയ്ൻ വോൺ (708) എന്നിവരാണ് വിക്കറ്റ് വേട്ടയിൽ താരത്തിന് മുമ്പിലുള്ളത്.
വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കാനൊരുങ്ങുകയാണ് ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കരിബീയൻ സംഘം ആദ്യ ഇന്നിംഗ്‌സിൽ 121 റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയർ ഒലീ പോപ് (57), ജോ റൂട്ട് (68), ഹാരി ബ്രൂക്ക് (50), ജാമി സ്മിത്ത് (70) എന്നിവരുടെ അർദ്ധ സെഞ്ച്വറിയുടെ കരുത്തിൽ 371 റൺസ് നേടിയുണ്ട്.















