മുംബൈ: സ്വകാര്യ ആഡംബര കാറിൽ വിഐപി നമ്പർ പ്ലേറ്റും സർക്കാർ ബോർഡും സ്ഥാപിച്ച് യാത്ര ചെയ്ത ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിന് കോടികളുടെ സ്വത്തുക്കൾ ഉണ്ടെന്ന് കണ്ടെത്തൽ. മഹാരാഷ്‌ട്രയിലുടനീളം 22 കോടിയുടെ സ്വത്തുക്കൾ യുവതിക്ക് ഉണ്ടെന്നാണ് റിപ്പോർട്ട്. പൂജ ഖേദ്കറിന്റെ പേരിൽ പൂനെയിൽ മാത്രം 20 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
അഹമ്മദാബാദിൽ ലക്ഷങ്ങൾ വില വരുന്ന രണ്ട് അപ്പാർട്ട്മെന്റുകളും ഫ്ലാറ്റുകളുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സ്വത്തുക്കളെല്ലാം 2014 -നും 2019-നും ഇടയിൽ സമ്പാദിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സർക്കാർ നിയമങ്ങളനുസരിച്ച് ഈ വിഷയത്തിൽ തനിക്ക് സംസാരിക്കാൻ ഒരു അവകാശവുമില്ലെന്നായിരുന്നു സംഭവത്തിൽ പൂജ ഖേദ്കറുടെ പ്രതികരണം.
കേസുമായി ബന്ധപ്പെട്ട് പൂജ ഖേദ്കറിന് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിക്കുക, ട്രാഫിക് നിയമങ്ങൾ ലംഘിക്കുക എന്നിവ പ്രകാരം 27, 000 രൂപ പിഴ അടക്കണമെന്ന് പൊലീസ് നോട്ടീസിൽ പറയുന്നു. പൂജ ഖേദ്കറിന്റെ വാഹനത്തിന് മുന്നിലും പിന്നിലും മഹാരാഷ്ട്ര ഗവൺമെന്റ് എന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
സംഭവത്തിൽ കഴിഞ്ഞ ദിവസം പൂജ ഖേദ്കറിനെ പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. പൂനെ കളക്ടർ ഡോ. സുഹാസിന്റെ ശുപാർശയെ തുടർന്ന് ചീഫ് സെക്രട്ടറിയാണ് നടപടിയെടുത്തത്. പ്രൊബേഷൻ ഓഫീസർക്ക് അനുവദനീയമല്ലാത്ത പ്രത്യേക ആനുകൂല്യങ്ങളും അധികാരവും കളക്ടറുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.















