പുസ്തകം മോഷ്ടിച്ച മലയാളിയുടെ കഥ ജെ.കെ റൗളിംഗ് അറിയുകയും ‘പ്രശംസിക്കുകയും’ ചെയ്തതോടെ ലോകം മുഴുവൻ വൈറലാണ് മോഷ്ടാവ് റീസ് തോമസ്. മോഷണ കഥയെക്കുറിച്ച് മാദ്ധ്യമ വാർത്തകളിലൂടെ അറിഞ്ഞതിന് പിന്നാലെയായിരുന്നു വിശ്വപ്രസിദ്ധ എഴുത്തുകാരി ജെ.കെ റൗളിംഗ് തന്റെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയത്.
“പുസ്തകം മോഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്ന് എനിക്കറിയാം. പുസ്തകങ്ങൾ ഒരിക്കലും മോഷ്ടിക്കരുത്, അത് തെറ്റാണ്. എങ്കിലും ഈ മോഷണം എനിക്ക് ഇഷ്ടപ്പെട്ടുവെന്ന കാര്യം പറയാതെ വയ്യ” എന്നായിരുന്നു ജെ.കെ റൗളിംഗിന്റെ പ്രതികരണം. ഇതുസംബന്ധിച്ച പോസ്റ്റ് അവർ എക്സിലാണ് പങ്കുവച്ചത്. ഒപ്പം മോഷ്ടാവായ മലയാളി യുവാവിന്റെ ചിത്രവും അവർ പങ്കുവച്ചിരുന്നു.
ഹാരിപോട്ടർ കൃതികൾ ലോകത്തിന് സമ്മാനിച്ച അതുല്യ എഴുത്തുകാരി പോസ്റ്റ് പങ്കുവച്ചതോടെ 17 വർഷം മുൻപ് നടന്ന പുസ്തക മോഷണ കഥ എഴുത്തിന്റെ ലോകത്ത് ചർച്ചയാവുകയാണ്. ഇന്ന് സഹസംവിധായകൻ എന്ന നിലയിലും എഴുത്തുകാരനായും തിളങ്ങുന്ന ‘മോഷ്ടാവ്’ ഒന്നര ദശാബ്ദം മുൻപ് നടത്തിയ മോഷണ കഥയാണ് ഏവരുടെയും ഹൃദയം കീഴടക്കുന്നത്. ആ കഥയിലേക്ക്..
2007 ജൂൺ മാസം.. മൂവാറ്റുപുഴ സ്വദേശിയായ റീസിന് അന്ന് 14 വയസ്. ഹാരിപോട്ടർ സീരീസിൽ അതുവരെ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പുസ്തകവും വായിച്ചുതീർത്ത മിടുക്കൻ. ആറ് പുസ്തകങ്ങൾ കൊതിയോടെ വായിച്ച് ഹോഗ്വാർഡ്സിലെ മാന്ത്രിക ലോകത്തെ അത്രയേറെ ഇഷ്ടപ്പെട്ട പയ്യൻ ഏഴാമത്തെ പുസ്തകത്തെ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഒടുവിൽ ഹാരിപോട്ടറിന്റെ The Deathly Hallows വായനക്കാരിലേക്ക് എത്തി. റീസിന് ഇരിക്കപ്പൊറുതി ലഭിച്ചില്ല. പുസ്തകം വായിക്കണമെങ്കിൽ ആദ്യം വാങ്ങണം. പക്ഷെ അതിനുള്ള പണമില്ല. തന്റെ സുഹൃത്തുക്കളുമായി ഈ വിഷയം റീസ് സംസാരിച്ചു. ഒടുവിൽ മോഷ്ടിക്കാമെന്നായി. എന്നാൽ റീസിന് വിദഗ്ധമായി മോഷ്ടിക്കാൻ കഴിയില്ലെന്ന് കൂട്ടുകാർ മുന്നറിയിപ്പ് നൽകി. എന്തുവന്നാലും ഈ പുസ്തകം മോഷ്ടിച്ചിട്ട് തന്നെ കാര്യമെന്നായി റീസ്. സർവധൈര്യവും സംഭരിച്ച് ബുക്ക് സ്റ്റാളിൽ കയറിയ 14കാരൻ ഇരുചെവിയറിയാതെ പുസ്തകം മോഷ്ടിച്ചു. ഉടൻ പുറത്തിറങ്ങി, കിട്ടിയ ബസിൽ വലിഞ്ഞുകയറി വീട്ടിലെത്തി. പുസ്തകം ക്ലാസിൽ കൊണ്ടുവന്ന് കൂട്ടുകാരുടെ മുൻപിൽ സ്റ്റാറാവുകയും ചെയ്തു.
പിടിക്കപ്പെടാതിരുന്നതിനാൽ പുസ്തകം മോഷ്ടിക്കാനുള്ള ആർജവം കിട്ടിയ റീസ് അതേ ബുക്ക് സ്റ്റാളിൽ വീണ്ടുമെത്തി. എന്നാൽ ഇത്തവണ പെട്ടു, കടക്കാർ പൊക്കി. മോഷ്ടിക്കാൻ ശ്രമിച്ചതല്ലെന്ന് വരുത്തി തീർക്കാൻ പല നുണയും റീസ് പടച്ചുവിട്ടു. തനിക്ക് മോഷ്ടിക്കേണ്ടതില്ലെന്നും ഇതേ പുസ്തകം തന്റെ വീട്ടിലുണ്ടെന്നും റീസ് കള്ളം പറഞ്ഞു. എങ്കിൽ ആ പുസ്തകം കൊണ്ട് വരൂ എന്നായി കടക്കാർ. ഇല്ലെങ്കിൽ നാളെ സ്കൂളിൽ വന്ന് മോഷണ ശ്രമം എല്ലാവരോടും പറയുമെന്നും അവർ ഭീഷണിപ്പെടുത്തി. ജീവനും കൊണ്ട് ഓടിയ റീസ് പിന്നീട് ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. ബുക്ക് സ്റ്റാളിൽ ഉള്ളവർ റീസിനെ തെരഞ്ഞ് വന്നതുമില്ല.
വർഷങ്ങൾ പിന്നിട്ടു. റീസ് വലുതായി. പുസ്തകങ്ങളെ സ്നേഹിച്ച പയ്യൻ സിനിമകളുടെ സഹസംവിധായകനായി. ഒരിക്കൽ ഒരു വേദിയിൽ വച്ച് തന്റെ പുസ്തക മോഷണ കഥ അദ്ദേഹം പങ്കുവച്ചപ്പോൾ ആളുകൾ ആകാംക്ഷയോടെ കേട്ടിരുന്നത് റീസിന് പ്രോത്സാഹനമേകി. ഇതോടെ ഇക്കാര്യം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പായി റീസ് പങ്കുവച്ചു. നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ സഹോദരി ഇത് കാണാനിടയാവുകയും കമന്റ് ഇടുകയും ചെയ്തു. “നിന്റെ അനുഭവം നീയൊരു പുസ്കമാക്ക്, എന്നിട്ട് നീ മോഷ്ടിച്ച കടയിൽ തന്നെ അത് വിൽക്കാൻ വെക്കൂ.” എന്നായിരുന്നു അവർ പറഞ്ഞത്. ഒടുവിൽ 90’S കിഡ്സ് എന്ന പേരിൽ പുസ്തകമിറക്കിയ റീസ് അതിൽ തന്റെ മോഷണകഥ വിവരിച്ചു.
മോഷ്ടിച്ച കടയിൽ ‘മോഷണ കഥ’ പുസ്തകമായി വിൽക്കാൻ ഇരിക്കുന്നത് കണ്ടതിന് ശേഷം കടയുടമയോട് എല്ലാകാര്യങ്ങളും റീസ് തുറന്നുപറഞ്ഞു. 17 വർഷം മുൻപ് മോഷണ ശ്രമത്തിനിടെ പിടികൂടിയ പയ്യനെ വിറപ്പിച്ച് വിട്ട അവർ ഇന്ന് സ്നേഹത്തോടെ ചേർത്തുപിടിച്ചു. റീസിന്റെ പുസ്തകത്തിൽ അവന്റെ ഒപ്പ് വാങ്ങിച്ച Author Signed കോപ്പിയായി ഇതിവിടെ വിൽക്കുമെന്ന് അറിയിച്ചു. അതോടെ മോഷണകഥയ്‌ക്ക് മധുരമുള്ള ക്ലൈമാക്സായി.
മോഷണം തെറ്റാണ്, ശിക്ഷാർഹമായ കുറ്റമാണ്, പക്ഷെ റീസിന്റെ മോഷണം ഹൃദയങ്ങൾ കീഴടക്കുകയാണ്. കാരണം അത്രയേറെ മധുരമുള്ള ഓർമയായി ആ മോഷണം ഇന്നു മാറിയിരിക്കുന്നു..















