രാമനാഥപുരം: രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. പാലത്തിന്റെ നിർമ്മാണ ജോലികൾ രണ്ടു മാസത്തിനകം പൂർത്തിയാകുമെന്നും ഉടൻ തന്നെ ട്രയൽ റൺ നടത്തുമെന്നും റെയിൽവെ അധികൃതർ അറിയിച്ചു.
റെയിൽവെയുടെ ബോർഡ് അംഗം അനിൽകുമാർ ഖണ്ഡേൽവാളിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നിർമ്മാണ പ്രവർത്തനത്തിലിരിക്കുന്ന മേൽപ്പാലം സന്ദർശിച്ചു. പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തിയായെന്നും അധികൃതർ അറിയിച്ചു. പഴയ പാമ്പൻ പാലത്തിന്റെ ഭാവി സംബന്ധിച്ച് റെയിൽവേ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാമ്പൻ പാലത്തിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. കൊറോണ പ്രതിസന്ധിമൂലമാണ് പാലത്തിന്റ നിർമ്മാണം നീണ്ടുപോയത്. കപ്പലുകളും ബോട്ടുകളും പോകുമ്പോൾ പാലത്തിന്റെ നടുഭാഗം ഉയരുന്ന തരത്തിലാണ് നിർമ്മാണം. ട്രെയിൻ പോകേണ്ട സമയങ്ങളിൽ പാലം പൂർവ്വസ്ഥിതിയിലായിട്ടുണ്ടാകും. റെയില്‍വേയാണ് ഈ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പുള്ളതാണ് പഴയ പാലം. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2022 ഡിസംബര്‍ 23 മുതൽ പാലം അടച്ചിട്ടിരിക്കുകയാണ്.
അതേസമയം, രാമേശ്വരം-ധനുഷ്‌കോടി പാതയിൽ പുതിയ ട്രാക്കുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും റെയിൽവെ അധികൃതർ വെളിപ്പെടുത്തി. പുതിയ ട്രാക്കുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടന്നു വരികയാണെന്നും സ്ഥലം അനുവദിച്ചാൽ ഉടൻ പണി ആരംഭിക്കുമെന്നും ഖണ്ഡേൽവാൾ പറഞ്ഞു.















