തിരുവനന്തപുരം: ഉദ്യോഗസ്ഥ സ്ഥലം മാറ്റത്തിന് സിപിഐ നേതാക്കൾ പണം വാങ്ങിയെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പരാതി. പത്തനംതിട്ട കോന്നി ലോക്കൽ സെക്രട്ടറിയാണ് പരാതി നൽകിയത്. സിപിഎം നേതാക്കൾ പണം വാങ്ങിയതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. ശബ്ദരേഖ ഉൾപ്പെടെ തെളിവുകൾ പാർട്ടിക്ക് നൽകാൻ തയ്യാറാണെന്നും പരാതിയിൽ പറയുന്നുണ്ട്.
സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥ സ്ഥലം മാറ്റത്തിന് കോഴ വാങ്ങുന്നതായാണ് ആരോപണം ഉയരുന്നത്. പാർട്ടി സംസ്ഥാന നേതാക്കൾക്കും മന്ത്രിമാർക്കും നൽകാനെന്ന പേരിലാണ് കോഴ വാങ്ങുന്നതെന്ന് പരാതിയിൽ പറയുന്നു. കോന്നിയിലെ പ്രധാന നേതാവിനെതിരെയാണ് പരാതി ഉയരുന്നത്. ഒരു താലൂക്ക് സപ്ലൈ ഓഫീസർക്ക് മഞ്ചേശ്വരത്ത് നിന്നും കോന്നിയിലേക്ക് സ്ഥലം മാറ്റി വാങ്ങി നൽകിയതിന് ഒരു ലക്ഷം രൂപയാണ് കോന്നിയിലെ പാർട്ടി നേതാവ് വാങ്ങിയതെന്ന് പരാതിയിൽ പറയുന്നുണ്ട്.
പത്തനംതിട്ടയ്‌ക്ക് പുറമേ മറ്റ് ജില്ലകളിൽ നിന്നും സമാന പരാതികൾ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ അടുത്തിടെയായി പാർട്ടിയിൽ വിഭാഗീയത രൂക്ഷമാണ്. അതിനിടെയാണ് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്. പരാതികൾ വിശദമായി പരിശോധിക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്.















