ന്യൂഡൽഹി: ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷൻ) അംഗരാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ വച്ച് നടന്ന യോഗത്തിൽ ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു.
രാജ്യങ്ങൾ തമ്മിലുള്ള ഊർജം, വ്യാപാരം, ആരോഗ്യം, കൃഷി, സാങ്കേതികവിദ്യ, സുരക്ഷ എന്നിവയുടെ സഹകരണം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള മാർഗങ്ങൾ വിദേശ പ്രതിനിധികൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.
തായ്ലൻഡിൽ നടക്കുന്ന ഉച്ചകോടിക്ക് പ്രധാനമന്ത്രി പൂർണ പിന്തുണയും അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിത, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. രണ്ട് ദിവസമായാണ് യോഗം നടന്നത്.
വ്യാപാരം, ആരോഗ്യം, ബഹിരാകാശം എന്നീ മേഖലകളിലെ സഹകരണം, സാങ്കേതികവിദ്യയുടെ ഉപയോഗം, അടിസ്ഥാനസൗകര്യ വികസനം എന്നിവയെ കുറിച്ചാണ് ചർച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഈ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















