ഹൈദരാബാദ്: മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും രണ്ട് മുതിർന്ന ഐപിഎസ് ഓഫീസർമാർക്കുമെതിരെ വധശ്രമത്തിന് കേസ്. ഇവരുൾപ്പെടെ 5 പേർക്കെതിരെയാണ് ടിഡിപി എംഎൽഎയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. മുൻ സിഐഡി മേധാവി പിവി സുനിൽകുമാർ മുൻ ഇന്റലിജൻസ് മേധാവി പിഎസ്‌ആർ ആഞ്ജനേയുലു എന്നിവരാണ് വധശ്രമത്തിന് കേസടുക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥർ.
2021ൽ ഹൈദരാബാദിൽവച്ച് തന്നെ അറസ്റ്റ് വാറണ്ട് പോലുമില്ലാതെ സിഐഡി അറസ്റ്റ് ചെയ്തുവെന്നും ജഗൻ മോഹൻ റെഡ്ഡിയും മറ്റ് ഉദ്യോഗസ്ഥരും തനിക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ടിഡിപി എംഎൽഎ കെ രഘുരാമ കൃഷ്ണ രാജു പരാതിയിൽ ആരോപിക്കുന്നു. അറസ്റ്റിനുശേഷം മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയില്ല. പകരം ഗുണ്ടൂരിലെ ഏജൻസിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി മർദ്ദിച്ചു.
ബൈപാസ് ഹൃദയ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ തന്നെ അതറിഞ്ഞിട്ടും ഹൃദ്രോഗത്തിനുള്ള മരുന്നുകൾ കഴിക്കാൻ പോലും അനുവദിച്ചില്ലെന്നും രാജു ആരോപിക്കുന്നു. പിവി സുനിൽകുമാറും പിഎസ്ആർ ആഞ്ജനേയുലുവും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ബെൽറ്റും വടിയും ഉപയോഗിച്ചാണ് മർദ്ദിച്ചത്. അന്നത്തെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ വിമർശിച്ചാൽ കൊല്ലുമെന്ന് പി വി സുനിൽ കുമാർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പരാതിയിൽ പറഞ്ഞു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയെന്ന് ആരോപിക്കുന്ന ഗുണ്ടൂർ ഗവൺമെൻ്റ് ജനറൽ ആശുപത്രി മുൻ സൂപ്രണ്ട് പ്രഭാവതി, വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ആർ വിജയ് പോൾ എന്നിവരും കേസിൽ പ്രതികളാണ്.