അഗർത്തല: അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ 10 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. ത്രിപുരയിൽ വച്ചാണ് ഇവർ പൊലീസ് പിടിയിലായത്. അറസ്റ്റിലായവരിൽ 7 പേർ വെസ്റ്റ് ത്രിപുര ജില്ലയിലെ അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് പേർ തെക്കൻ ത്രിപുര ജില്ലയിൽ നിന്നുമാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു.
ബംഗ്ലാദേശിലെ കലറോവ സ്വദേശിയായ ഇബ്രാഹിം ഹുസൈൻ (24), സഫികുൽ ഇസ്ലാം (32), മുസമദ് സലീന ബീഗം (22), മകൻ സമീം റെസെ (7), മുഹമ്മദ് ഷിമുൽ ഹൊസൈൻ (28), നൂർ നഹർ ജുമ (23), തസ്‌ലിമ കാനം (24), മീനു ഖാത്തൂൻ (19) എന്നിവരാണ് അഗർത്തല റയിൽവെ സ്റ്റേഷനിൽ നിന്നും പിടിയിലായത് . നിയമപരമായ രേഖകളില്ലാതെ മറ്റ് സംസ്‌ഥാനങ്ങളിലേക്ക് കടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവർ ത്രിപുരയിലെത്തിയതെന്നും തുടർന്ന് ഇവരെ ഗവൺമെൻ്റ് റെയിൽവേ പൊലീസ് (ജിആർപി) അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അതേസമയം അതിർത്തി രക്ഷാ സേനയുടെയും സബ്റൂം പോലീസിന്റെയും സംയുക്ത ഓപ്പറേഷനിൽ സരോം റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ കൂടി പൊലീസ് പിടികൂടി. സംഭവത്തിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി പ്രവർത്തിച്ച തകൈ മോഗ് (26) എന്നയാളെ പൊലീസ് പിടികൂടിയിരുന്നു.















