2007 ലെ പ്രഥമി ടി20 ലോകകപ്പ് ഇന്ത്യക്കെന്ന പോലെ പാകിസ്താനും ഒരിക്കലും മറക്കാൻ സാധിക്കില്ല. ജൊഹന്നാസ്ബർഗിൽ 158 ചേസ് ചെയ്യാനിറങ്ങിയ പാകിസ്താന് അഞ്ചുറൺസകലെ കിരീടം നഷ്ടപ്പെടുകയായിരുന്നു. 17 വർഷത്തെ ഓർമകളെ വീണ്ടും പാെടിതട്ടിയെടുക്കുകയാണ് അന്ന് പാകിസ്താന്റെ നായകനും വില്ലനുമായ മിസ്ബാ ഉൾ ഹഖ്. ഫൈനലിൽ ഇന്ത്യയെ അനായാസം വീഴ്‌ത്താമെന്നാണ് കരുതിയതെന്നും എന്നാൽ അമിതാന്മവിശ്വാസമാണ് പണിതന്നതെന്നും തുറന്ന് സമ്മതിക്കുകയാണ് മുൻതാരം. സ്റ്റാർ സ്പോർട്സ് അഭിമുഖത്തിനിടെയായിരുന്നു പരാമർശം.
കലാശ പോരിൽ പാകിസ്താന് ജയിക്കാൻ 13 റൺസാണ് വേണ്ടിയിരുന്നത്. നായകൻ ധോണി പന്തേൽപ്പിച്ചത് മീഡിയം പേസർ ജോഗീന്ദർ ശർമ്മയ്‌ക്ക്. ക്രിക്കറ്റ് വിദഗ്ധരടക്കം ആ നീക്കത്തെ പഴിച്ച നിമിഷം. ഹർഭജൻ സിംഗിന് ഓരോവർ ബാക്കിയുള്ളപ്പോഴായിരുന്നു ധോണിയുടെ അപ്രതീക്ഷിത തീരുമാനം
ജോഗീന്ദറിന്റെ ആദ്യ പന്ത് വൈഡായി. രണ്ടാം പന്തിൽ റണ്ണില്ല. മൂന്നാം പന്ത് ഫുൾടോസായിരുന്നു. ബൗളറിന്റെ തലയ്‌ക്ക് മുകളിൽ കൂടി പന്ത് ഗാലറി കടന്നു. ശേഷിക്കുന്ന 4 പന്തിൽ ജയിക്കാൻ ആറു റൺസ്. പാകിസ്താൻ ജയം ഉറപ്പിച്ച നിമിഷം. ഷോർട്ട് ഫൈൻ ലെഗിൽ മിസ്ബ ഒരു സ്കൂപ്പിന് ശ്രമിച്ചു, അത് അവസാനിച്ചതാകട്ടെ ശ്രീശാന്തിന്റെ കൈകളിലും. ഇന്ത്യക്ക് അഞ്ചു റൺസ് ജയം.
“വിജയലക്ഷ്യം എളുപ്പം മറികടക്കാമെന്നാണ് ഞങ്ങൾ കരുതിയത്. ഒരു തല്ല തുടക്കം മാത്രം മതിയായിരുന്നു. എന്നാൽ രണ്ടു മൂന്ന് ഓവറിനിടെ വിക്കറ്റുകൾ തുടരെ വീണു. ഇമ്രാൻ നസീറിന്റെ റണ്ണൗട്ട് ഞങ്ങളെ ഞെട്ടിച്ചു. ഇതോടെ സമ്മർദ്ദമായി. 77/6 എന്ന നിലയിലായിരുന്നു. ഇതോടെ വിജയലക്ഷ്യം കടുപ്പമായി. അമിതാന്മവിശ്വാസമാണ് കാര്യങ്ങൾ മോശമാക്കിയത്.
പിച്ചിന്റെ സ്വഭാവും ചെറിയ ബൗണ്ടറികളുമാണ് ഞങ്ങളുടെ ആത്മവിശ്വാസം ഉയർത്തിയത്. സ്പിന്നിനെ കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യക്ക് റൺസ് പ്രതിരോധിക്കുന്നത് കഠിനമായിരുന്നു. വാണ്ടറേഴ്സിൽ സ്പിന്നർമാർ വെള്ളം കുടിക്കും. ഹർഭജനായിരുന്നു അവരുടെ പ്രധാന സ്പിന്നർ. നീളം കുറഞ്ഞ ബൗണ്ടറിയിൽ ഓഫ് സ്പിന്നർക്ക് ശോഭിക്കാനാകില്ല.കൂടാതെ ഞങ്ങൾ നന്നായി സ്പിന്നിൻ കളിക്കുമായിരുന്നു’—-മിസ്ബാ പറഞ്ഞു.















