മെക്സിക്കോ സിറ്റി: മഴ,ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്… എല്ലാം വന്നുപോയി. ദുരിതം അവസാനിച്ചെന്ന് കരുതി ഇരിക്കുമ്പോഴാണ് മെക്സിക്കൻ നഗരമായ തമൗലിപാസിൽ അടുത്ത തലവേദനയായി മുതലകളെത്തുന്നത്. മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും ശേഷം 200 ഓളം മുതലകളാണ് വടക്കൻ മെക്സിക്കൻ നഗരമായ തമൗലിപാസിൽ എത്തിയതെന്ന് അധികൃതർ അറിയിച്ചു.
ജൂണിൽ ആൽബർട്ടോ മേഖലയിൽ പെയ്ത ശക്തമായ മഴയ്‌ക്ക് ശേഷമാണ് മുതലകൾ ഇവിടേക്ക് എത്തിയത്. 200 മുതലകളെ പിടികൂടി മാറ്റിപാർപ്പിച്ചതായും അധികൃതർ പറഞ്ഞു. ശക്തമായ മഴ തീരപ്രദേശങ്ങളിലെ ജലനിരപ്പുയർത്തിയെന്നും ഇതാണ് ജലജീവികൾ കരയിലേക്ക് ഇഴഞ്ഞെത്താൻ കരണമെന്നും അധികൃതർ വിശദീകരിക്കുന്നു. തീരപ്രദേശ നഗരങ്ങളായ റ്റാംപിക്കോ, ആൾട്ടമിറ എന്നിവിടങ്ങളിൽ നിന്നും 165 ഓളം മുതലകളെ പിടികൂടിയതായും അധികൃതർ വ്യക്തമാക്കി.
തമൗലിപാസിൽ നിന്നും ഇതുവരെ 40 മുതലകളെ പിടികൂടിയതായും ഇവയെ ജനവാസ മേഖലയ്‌ക്ക് പുറത്തുള്ള ഉചിതമായ ആവാസ വ്യവസ്ഥയിലേക്ക് മാറ്റിപ്പാർപ്പിച്ചതായും പരിസ്ഥിതി സംരക്ഷണത്തിനുള്ള ഫെഡറൽ അറ്റോർണി ജനറൽ ഓഫീസ് അറിയിച്ചു. ജലനിരപ്പ് താഴുമ്പോൾ ഇനിയും മുതലകൾ പ്രത്യക്ഷപ്പെട്ടേക്കാമെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. മെക്സിക്കോയിലെ സംരക്ഷിത ഉരഗവർഗ്ഗമാണ് മുതലകൾ. അപൂർവ്വമാണെങ്കിലും ഇവയുടെ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.