ന്യൂഡൽഹി: ദീർഘദൂര ട്രെയിനുകളിൽ ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവരുടെ പരാതിക്ക് പരിഹാരമൊരുക്കി റെയിൽവേ. ദീർഘദൂര സർവീസുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചതായി റെയിൽവേ അറിയിച്ചു. 46 ദീർഘദൂര ട്രെയിനുകളിൽ 92 ജനറൽ കോച്ചുകളാണ് ഇത്തരത്തിൽ പുതുതായി ചേർത്തിരിക്കുന്നത്.
ജനറൽ കോച്ചുകൾ ചേർക്കുന്നതിനായി 22 ട്രെയിനുകൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ജനറൽ ക്ലാസ്സിൽ സഞ്ചരിക്കുന്നവരുടെ യാത്രാക്ലേശം പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് റയിൽവെയുടെ തീരുമാനം. ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ ഭാഗമാണ് റെയിൽവേ മെയിൽ സർവ്വീസിനും മറ്റുമായി നീക്കിവെയ്‌ക്കുന്നത്. അതുകൊണ്ടു തന്നെ തിരക്കുളള സീസണുകളിൽ മിക്ക ട്രെയിനുകളിലും ജനറൽ ടിക്കറ്റ് എടുത്തവർ വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്.
ബെംഗളൂരു സിറ്റി ബെലഗാവി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ സെൻട്രൽ ഹുബ്ലി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, മുംബൈ ബെംഗളൂരു എക്‌സ്പ്രസ്, മുംബൈ അമരാവതി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ഗുവാഹത്തി ലോകമാന്യ തിലക് എക്‌സ്പ്രസ്, ഗുവാഹത്തി ജമ്മു താവി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ഉൾപ്പെടെയാണ് പുതുതായി കോച്ചുകൾ കൂട്ടിച്ചേർത്തത്.
നടപ്പു സാമ്പത്തിക വർഷം 4485 നോൺ എസി കോച്ചുകൾ പുറത്തിറക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 2025-26 സാമ്പത്തിക വർഷം 5444 കോച്ചുകളും പുറത്തിറക്കും. ഇത് കൂടാതെ 5300 ജനറൽ കോച്ചുകളും നിർമിക്കാൻ പദ്ധതിയുണ്ട്. ഈ കോച്ചുകൾ ലഭ്യമാകുന്നതോടെ പുതിയ ലോക്കൽ സർവ്വീസുകൾ തുടങ്ങുന്നതിലുൾപ്പെടെ റെയിൽവേയ്‌ക്ക് ഗുണം ചെയ്യും.















