തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പ്രതിയായ പരിശീലകൻ മനുവിനെ സംരക്ഷിച്ചിട്ടില്ലെന്ന വാദവുമായി കെ.സി.എ രംഗത്തുവന്നു. പ്രസിഡൻ്റ് ജയേഷ് ജോർജും സെക്രട്ടറി വിനോദ് കുമാറുമാണ് വിശദീകരണവുമായെത്തിയത്. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ആവശ്യം കേരള ക്രിക്കറ്റ് അസോസിയേഷനില്ലെന്നും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ടെന്നും ഇരുവരും വ്യക്തമാക്കി. എന്നാൽ കെ.സി.എയ്‌ക്ക് വീഴ്ചയുണ്ടായെന്ന കാര്യവും ഇരുവരും സമ്മതിച്ചു. ആരോപണമുയർന്ന ശേഷം കാര്യങ്ങൾ അന്വേഷിക്കാതെ മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരം മനുവിനെ വീണ്ടും നിയമിച്ചത് വീഴ്ചയായെന്നാണ് ഇരുവരും പറഞ്ഞത്.
മനുവിന്റെ കോച്ചിംഗ് സർട്ടിഫിക്കേഷൻ റദ്ദാക്കും. ഇയാൾ പെൺകുട്ടികളുടെ മാത്രം പരിശീലകനായിരുന്നില്ല. പുതിയ പരിശീലകർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും ഇവർ തിരുവനന്തപരുത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2012 ഒക്ടോബർ 12നാണ് മനു തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലകനായെത്തുന്നത്.
2022ലാണ് ആദ്യം പരാതി ഉയരുന്നത്. എന്നാൽ അന്ന് ആരും പരാതി നൽകിയില്ല. മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരമാണ് അന്ന് മാറ്റിനിർത്തിയ ശേഷം തിരിച്ചെടുക്കുന്നത്. ഇപ്പോൾ ചൈൽഡ് ലൈനും പൊലീസും അന്വേഷണവുമായി എത്തുമ്പോഴാണ് പരാതിയെക്കുറിച്ച് അറിയുന്നത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സർട്ടിഫിക്കേഷൻ റദ്ദാക്കാനും കെ.സി.എ. നിർദ്ദേശം നൽകിയെന്നും ഇവർ പറഞ്ഞു.