ന്യൂഡൽഹി: ഭീകരസംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്ത്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് ഭീകരർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ ) കുറ്റപത്രം സമർപ്പിച്ചു. മുഹമ്മദ് ഷൂബ് ഖാൻ, മുഹമ്മദ് സൊഹെബ് ഖാൻ എന്നിവർക്കെതിരെയാണ് ഛത്രപതി സംഭാജിനഗർ (ഔറംഗബാദ്) ലിങ്ക്ഡ് ഐഎസ്ഐഎസ് മൊഡ്യൂൾ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. കേസിലെ മുഖ്യ സൂത്രധാരന്മാരാണ് ഇരുവരും.
‘നിരോധിത ഭീകരസംഘടനയായ ഐഎസ്ഐഎസിലെ ഭീകരരരാണിവർ. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവ തകർക്കാനും ഐഎസ് ഗൂഢാലോചനയുടെ ഭാഗമായി ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാനുമാണ് ഇവർ ശ്രമിച്ചത്. നിർധനരായ യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും രാജ്യത്ത് ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടിരുന്നതായും എൻഐഎ വ്യക്തമാക്കി.
രാജ്യത്ത് ഭീകരാക്രമണം നടത്തി അഫ്ഗാനിസ്ഥാനിലേക്കോ തുർക്കിയിലേക്കോ കടക്കാനായിരുന്നു ഭീകരരുടെ ശ്രമം. ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി വെബ്‌സൈറ്റ് രൂപീകരിക്കാനുള്ള ശ്രമം ഇവർ നടത്തിയതായും അന്വേഷണ ഏജൻസി കണ്ടെത്തി. ഔറംഗാബാദിൽ നിന്നുള്ള 50-ലധികം യുവാക്കളെ ഐസിലേക്ക് റിക്രൂട്ട് ചെയ്ത ഭീകരർ ഇവരിലൂടെ ഇന്ത്യ വിരുദ്ധ ആശയം പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഭീകരർക്കെതിരെ മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുവാക്കളെ പ്രചോദിപ്പിച്ച് റിക്രൂട്ട് ചെയ്യുന്നതിലൂടെ സംഘടനയുടെ അക്രമാസക്തമായ അജണ്ട പ്രോത്സാഹിപ്പിക്കുന്നതിൽ ഇവർ ഏർപ്പെട്ടിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി.