വിംബിൾഡണിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ വിജയത്തുടർച്ചയ്‌ക്കാണ് കഴിഞ്ഞ തവണ കാർലോസ് അൽകാരസ് വിരാമമിട്ടത്. അതേ ജോഡി ഇത്തവണ വീണ്ടും കലാശപ്പോരിനെത്തുമ്പോൾ സെന്റർ കോർട്ടിൽ തീ പാറുമെന്ന് ഉറപ്പ്. കഴിഞ്ഞ വർഷത്തെ തോൽവിക്ക് ജോക്കോവിച്ച് മധുരപ്രതികാരം തീർക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഇറ്റലിയുടെ ലൊറൻസോ മുസെെറ്റിയെ തോൽപ്പിച്ചാണ് നൊവാക് ജോക്കോവിച്ചിന്റെ ഫെെനൽ പ്രവേശനം. ആദ്യ സെറ്റ് മുതൽ ആധിപത്യം പുലർത്തിയ ജോക്കോവിച്ചിന്റെ ജയം നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു. സ്കോർ 6-4, 7-6 (2), 6-4. ആദ്യ സെറ്റ് 6-4ന് നേടിയ ജോക്കോവിച്ച് രണ്ടാം സെറ്റ് ടൈ ബ്രേക്കറിലാണ് നേടിയത്. തുടർന്ന് മൂന്നാം സെറ്റും 6-4ന് നേടിയ ജോക്കോവിച്ച് ഫൈനലിലേക്ക് ടിക്കറ്റെടുത്തു.10-ാം ഫെെനലിനാണ് 37-കാരനായ ജോക്കോ 25-ാം ഗ്രാൻഡ്സ്ലാം കിരീടവും എട്ടാം വിംബിൾഡൺ കിരീടവും ലക്ഷ്യമിട്ടാണ് നാളെ സെന്റർ കോർട്ടിലിറങ്ങുക. റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ തോൽപ്പിച്ചാണ് തുടർച്ചയായ രണ്ടാം ഫെെനലിന് അൽകാരസ് ടിക്കറ്റെടുത്തത്. നാളെ വെെകിട്ട് ഇന്ത്യൻ സമയം 6.30നാണ് ഫെെനൽ.
ഒരു പതിറ്റാണ്ടിലേറെ പുരുഷ ടെന്നീസിനെ അടക്കി വാണിരുന്ന റോജർ ഫെഡറർ- റഫേൽ നദാൽ- നൊവാക് ജോക്കോവിച്ച് ത്രയത്തിന് ശേഷമുള്ള പുതുയുഗപ്പിറവിയെന്നാണ് കഴിഞ്ഞ വർഷത്തെ അൽകാരസിന്റെ വിജയത്തെ കായിക ലോകം വിശേഷിപ്പിച്ചത്. ഈ വിശേഷണം അർത്ഥവത്താകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.