മുംബൈ: നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്ത് നിന്നുള്ള കാർ കയറ്റുമതിയിൽ വൻ വർധന. 18.6 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതിയിൽ 40 ശതമാനം എസ്.യു. വികളാണ്. 1,80,483 കാറുകളാണ് മറ്റ് രാജ്യങ്ങളിലേക്ക് അയച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) അറിയിച്ചു.
ഏപ്രിൽ-ജൂൺ വരെയുള്ള കാലേയളവിൽ കാറുകളുടെ ആഭ്യന്തര വിൽപ്പന 10.26 യൂണിറ്റാണ്. വർഷം തോറും മൂന്ന് ശതമാനം വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ചെറുകാറുകളുടെ വിൽപ്പന ഇടിയുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ യൂട്ടിലിറ്റി വാഹന വിപണിയിൽ 18 ശതമാനം ഉയർച്ചയാണ് കാണിക്കുന്നത്.
നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ രാജ്യത്ത് ഇരുചക്ര- മുചക്ര വാഹനങ്ങൾ ഉൾപ്പെടെ 75.49 ലക്ഷം വാഹനങ്ങളാണ് ആകെ നിരത്തിൽ ഇറങ്ങിയത്. ഇതിൽ 49.85 ലക്ഷം ഇരുചക്ര വാഹനങ്ങളാണ്. ഈ മേഖലയിൽ 20.4 ശതമാനമാണ് വളർച്ച. സ്കൂട്ടർ വിൽപ്പനയിൽ മാത്രം 28.2 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.















