ഒരുകാലത്ത് മലയാള സിനിമയിലെ വില്ലന്മാരുടെ നിരയിൽ മാത്രം ഒതുങ്ങിയിരുന്ന നടനാണ് സുരേഷ് കൃഷ്ണ. സംഭാഷണം പോലും ഇല്ലാതെ നായകന്മാരുടെ ഇടികൊള്ളാൻ മാത്രമായി നിൽക്കേണ്ടി വന്നിട്ടുണ്ട് താരത്തിന്. എന്നാൽ ഇപ്പോൾ ഒരുപാട് നല്ല വേഷങ്ങൾ സുരേഷ് കൃഷ്ണയെ തേടി എത്തുന്നു. ഇനി വില്ലൻ ആകാനും ഇടികൊള്ളാനും വയ്യെന്ന് പറയുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സ്ഥിരമായി സിനിമയിൽ ഇടി കൊള്ളുന്ന ആളായിരുന്നു. എന്തിനാണെന്ന് പോലും അറിയില്ല. കൊണ്ടുപോകും, കുറേ ഇടി തരും. സച്ചിക്ക് ഈ കഥകളൊക്കെ അറിയാമായിരുന്നു. അതൊക്കെയാണ് നമ്മൾ ചേട്ടായീസിൽ കാണിച്ചിരിക്കുന്നത്. സിനിമയിൽ കുറച്ചു കാലം വെറുതെ ഇടിവാങ്ങൽ ആയിരുന്നു. എന്തിനായിരുന്നു ആ ഇടി എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അതിനുശേഷം കുറച്ചു നല്ല വേഷങ്ങൾ ലഭിച്ചു”.
“ഞാൻ വിജയരാഘവൻ ചേട്ടനോടൊക്കെ തമാശയ്‌ക്ക് പറയുമായിരുന്നു. വിജയരാഘവനും രാജൻ പി ദേവുമെല്ലാം ആയിരിക്കും അച്ഛൻ വേഷങ്ങൾ ചെയ്യുന്നത്. കൈ കുഴഞ്ഞതും ചൊടി കോടിയതുമൊക്കെയായ വേഷങ്ങളൊക്കെയാണ് അവരുടേത്. എന്നിട്ട് വെറുതെ പോയി കുറെ ഡയലോഗ് അടിക്കും. അവർ പറയുന്നതിന്റെ ഇടി കിട്ടാൻ പോകുന്നത് എനിക്കാണ്. അത്തരം വേഷങ്ങളിൽ നിന്നെല്ലാം കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. കുറച്ച് കോമഡി കലർന്ന വേഷങ്ങൾ ചെയ്തു. ഇനിയിപ്പോൾ തല്ലു കൊള്ളാൻ ഒന്നും വയ്യ. അടുത്തകാലത്ത് വന്ന ഷെയ്ൻ നിഗത്തെ പോലുള്ളവർ ഒഴിച്ച് ബാക്കി എല്ലാവരും തല്ലിയിട്ടുണ്ട്”-സുരേഷ് കൃഷ്ണ പറഞ്ഞു.















