ശ്രീനഗർ: ജമ്മുകശ്മീർ ലഫ്റ്റനൻ്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കി. 2019 ലെ ജമ്മുകശ്മീർ പുനഃസംഘടന നിയമത്തിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുറത്തിറക്കിയത്. രാഷ്‌ട്രപതിയുടെ അനുമതിയോടെ വെള്ളിയാഴ്ച വിജ്ഞാപനം പ്രാബല്യത്തിൽ വന്നു.
ഡൽഹിക്ക് സമാനമായി ആഭ്യന്തര സുരക്ഷ ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങളിൽ സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി മുഖേന ലെഫ്റ്റനൻ്റ് ഗവർണറുടെ അനുമതി ആവശ്യമാണ്. പ്രോസിക്യൂഷൻ, അറ്റോർണി ജനറൽ ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകരുടെ നിയമനം പോലുള്ള നിർണായക കാര്യങ്ങളിലും ഇത് ബാധകമാണ് .കൂടാതെ സിവിൽ സർവീസ് ഉദ്യോഗസ്ഥൻമാരുടെ സ്ഥലം മാറ്റം തുടങ്ങിയ കാര്യങ്ങളിലും സംസ്ഥാനം ലെഫ്റ്റനൻ്റ് ഗവർണർക്ക് നിർദ്ദേശം സമർപ്പിക്കണം.
2018 ജൂൺ മുതൽ ജമ്മുകശ്മീർ കേന്ദ്ര ഭരണത്തിൻ കീഴിലാണ്. 2020 ആഗസ്റ്റ് മുതൽ മനോജ് സിൻഹയാണ് ലെഫ്റ്റനൻ്റ് ഗവർണർ. സെപ്തംബറോടെ ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഭേദഗതികൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്.















