ലക്നൗ: മദ്രസകളിൽ പാർപ്പിക്കപ്പെട്ട ഹിന്ദു, ഇതര മത വിഭാഗങ്ങളിൽപ്പെട്ട കുട്ടികളുടെ മൗലിക അവകാശ ലംഘനത്തിൽ ആശങ്കയറിയിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. ഭരണഘടന വിഭാവനം ചെയ്യുന്ന നിയമങ്ങൾക്ക് പുറത്തുള്ള ഇസ്ലാമിക മത വിദ്യാഭ്യാസമാണ് മദ്രസകൾ നൽകുന്നത്. ഇവിടെ പാർപ്പിക്കപ്പെടുന്ന അമുസ്ലിം വിഭാഗത്തിലെ കുട്ടികൾ നിർബന്ധിത മത വിദ്യാഭ്യാസത്തിന് വിധേയമാകുന്നുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷ പ്രിയാങ്ക് കനൂൻഗോ ചൂണ്ടിക്കാട്ടി.
സാമൂഹ്യ മാദ്ധ്യമമായ എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് പ്രിയാങ്ക് ഈ വിഷയം ഉന്നയിച്ചത്. “മദ്രസകൾ ഇസ്ലാമിക മതപഠനത്തിനുള്ള കേന്ദ്രങ്ങളാണ്. അവ ഭരണഘടന നിഷ്കർഷിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന് പുറത്താണ്. ഹിന്ദു, ഇതര മതസ്ഥരായ കുട്ടികളെ ഇവിടെ പാർപ്പിച്ചിരിക്കുന്നത് ഭരണഘടനയുടെയും അവരുടെ മൗലിക അവകാശങ്ങളുടെയും ലംഘനമാണ്. ഇത് സമൂഹത്തിൽ മത വിദ്വേഷം വളർത്താനുള്ള നീക്കമാണ്” ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു.
ഇത്തരത്തിൽ പാർപ്പിച്ചിരിക്കുന്ന ഹിന്ദു കുട്ടികളെ സ്കൂളുകളിലേക്ക് പ്രവേശിപ്പിക്കണമെന്ന് പ്രിയാങ്ക് സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. കൂടാതെ മുസ്ലിം കുട്ടികൾക്ക് മതവിദ്യാഭ്യാസത്തോടൊപ്പം ഭരണഘടന നിഷ്കർഷിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസവും ഉറപ്പാക്കണം. ഇത് സംബന്ധിച്ച് ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാൽ മുസ്‌ലിം സംഘടനകൾ ഇതിനെ വളച്ചൊടിച്ച് സമൂഹത്തിൽ തെറ്റായ പ്രചരണം നടത്തിയെന്നും അവർ പറഞ്ഞു. ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ നിന്നും കാണാതായ ഹിന്ദുകുട്ടികളെ മതപരിവർത്തനം നടത്തി മദ്രസകളിൽ പാർപ്പിച്ചതായി കണ്ടെത്തിയ പത്രക്കുറിപ്പ് പങ്കുവച്ചായിരുന്നു ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷയുടെ പോസ്റ്റ്.















