കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്‌ട്രീയത്തില്‍ മമത ബാനര്‍ജിക്ക് കനത്ത ആഘാതമേകി തൃണമൂല്‍ കോണ്‍ഗ്രസ് വിമത നേതാവ് ഋതബ്രത ബാനര്‍ജിയെ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി സ്പീക്കര്‍ തിരഞ്ഞെടുത്തു. പാര്‍ട്ടിയില്‍ നിന്ന് മമത പുറത്താക്കിയ ഋതബ്രത, തനിക്ക് 59 തൃണമൂല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് സ്പീക്കര്‍ക്ക് മുന്‍പാകെ തെളിയിച്ചതോടെയാണ് ഈ നിര്‍ണ്ണായക നീക്കം.
പ്രതിപക്ഷ നേതൃസ്ഥാനം നേടിയെടുക്കാന്‍ 53 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കുന്ന ഒപ്പുകളടങ്ങിയ കൃത്യമായ പിന്തുണക്കത്ത് ഋതബ്രത ഹാജരാക്കുകയായിരുന്നു. മമത ബാനര്‍ജി പ്രതിപക്ഷ സ്ഥാനത്തേക്ക് മറ്റൊരു നേതാവിന്റെ പേര് ഔദ്യോഗികമായി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, വലിയൊരു വിഭാഗം എംഎല്‍എമാരുടെ പിന്തുണയുള്ള വിമത പക്ഷത്തിന്റെ നേതാവിനെ സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു.
ബംഗാള്‍ രാഷ്‌ട്രീയത്തില്‍ മമത ബാനര്‍ജിയുടെ സ്വാധീനം കുറയുന്നതിന്റെ സൂചനകളാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തവണ മമത ബാനര്‍ജി നിയമസഭയില്‍ ഉണ്ടാകില്ല. അവരുടെ ഉറച്ച മണ്ഡലമായിരുന്ന ഭവാനിപൂരില്‍ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. നിലവില്‍ വെറും എട്ട് എംഎല്‍എമാര്‍ മാത്രമാണ് മമതയ്‌ക്കൊപ്പം ഉള്ളത്. കഴിഞ്ഞ ദിവസം ബംഗാള്‍ സര്‍ക്കാരിനെതിരെ മമത നടത്തിയ പ്രതിഷേധ പരിപാടിയില്‍ ഈ എട്ട് തൃണമൂല്‍ എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്.
ഭൂരിപക്ഷം എംഎല്‍എമാരും വിമത പക്ഷത്തേക്ക് മാറിയതോടെ തൃണമൂലിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ ബംഗാള്‍ നിയമസഭയ്‌ക്കുള്ളില്‍ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങള്‍ക്ക് വഴിമാറുകയാണ്.















