തിരുവനന്തപുരം: PSC കോഴ ആരോപണ വിധേയനായ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. റിയൽ എസ്റ്റേറ്റ് ബിനാമി ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് നടപടി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രമോദ് കോട്ടൂളിയെ നീക്കം ചെയ്യും. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയെന്ന് വിമർശനവും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
PSC അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നായിരുന്നു സിപിഎം നേതാവിനെതിരെ ഉയർന്ന ആരോപണം. സംഭവം വൻ വിവാദങ്ങൾക്ക് വഴി വച്ചതോടെ പ്രമോദ് കോട്ടൂളിയോട് പാർട്ടി വിശദീകരണം തേടിയിരുന്നു. എന്നാൽ പ്രമേദിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും പിന്നീട് നടത്തിയ ഇടപാടുകളിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടി.
പ്രമോദിനെതിരെ കടുത്ത നടപടി എടുക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ നടപടി സ്വീകരിക്കാതിരുന്നാൽ അത് പാർട്ടിയുടെ പ്രതിച്ഛായക്ക് വീണ്ടും കോട്ടം വരുത്തുമെന്ന് മറ്റൊരു വിഭാഗം വിലയിരുത്തി. 22 ലക്ഷം രൂപയുടെ ഇടപാട് പ്രമോദ് കോട്ടൂളി നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇയാളെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു നേതൃത്വം. പ്രമോദിനെതിരെ നടപടി സ്വീകരിക്കാൻ വൈകിയതിൽ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന കമ്മിറ്റിയുടെ താക്കിതും ലഭിച്ചു.















