കോഴിക്കോട്: കോടതിമുറിയിൽ ഭർത്താവിന്റെ കഴുത്തിന് പിടിച്ച് യുവതി. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയിൽ ജഡ്ജി നോക്കിനിൽക്കെയാണ് നാടകീയ രംഗം. വേർപിരിഞ്ഞ് കഴിയുന്ന 29 കാരിയും ഭർത്താവും കുട്ടികളുടെ പേരിലാണ്
കോടതിയിൽ എത്തിയത്.
കോടതിമുറയിൽ എത്തിയതിന് പിന്നാലെ യുവതിയും ഭർത്താവും വാക്കുതർക്കം തുടങ്ങി. ഇതിനിടയിൽ ഭർത്താവിന്റെ കൂടെയുള്ള കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് യുവതി ബഹളം വച്ചു. മജിസ്ട്രേറ്റ് ഇടപ്പെട്ട് ബഹളമുണ്ടാക്കരുതെന്ന് താക്കീത് നൽകി. എന്നാൽ ഇത് വകവയ്ക്കാതെ ഇവർ ബഹളം തുടർന്നു. ഇതിനിടയിലാണ് യുവതി ഭർത്താവിന്റെ കഴുത്തിനു പിടിച്ചത്. ഒടുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് യുവതിയെ പിടിച്ചുമാറ്റിയത്.
മജിസ്ട്രേറ്റിന്റെ നിർദേശ പ്രകാരം കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ഭീഷണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി യുവതിയെ റിമാൻഡ് ചെയ്തു. തുടർന്ന് ജാമ്യം അനുവദിച്ചെങ്കിലും ജാമ്യക്കാർ എത്താൻ വൈകിയതിനാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല. അതിനാൽ തിങ്കളാഴ്ചയോടെ മാത്രമേ യുവതിക്ക് ജയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയൂ.